| Saturday, 11th March 2017, 10:33 am

യു.പിയില്‍ ബി.ജെ.പി ഇറക്കിയത് വര്‍ഗീയ കാര്‍ഡ്: ഗുണകരമായത് പിന്നോക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ പയറ്റിയ തന്ത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് യു.പിയില്‍ ബി.ജെ.പി വന്‍മുന്നേറ്റംകാഴ്ച വെച്ചിരിക്കുകയാണ്. ബി.എസ്.പിയെ തകര്‍ക്കാനായുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളും പരമ്പരാഗത മേല്‍ജാതിക്കാരുടെ പിന്തുണയുമാണ് യു.പിയില്‍ ബി.ജെ.പിക്ക് ഗുണകരമായത്.

ഈ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ബി.ജെ.പി തന്ത്രപരമായാണ് നീങ്ങിയത്. ഹിന്ദുക്കളില്‍ എല്ലാ തരം സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിമാരില്‍ 50 പേരും കുശവാഹ, സൈനി, മൗര്യ, നിഷാദ്, രാജ്ഭാര്‍, ലോണിയ ചൗഹാന്‍, പാല്‍ തുടങ്ങിയ പിന്നോക്ക ജാതിയില്‍ നിന്നുള്ളവരായിരുന്നു. 1991നുശേഷം പിന്നോക്ക വിഭാഗങ്ങള്‍ക്ക് ബി.ജെ.പി ഇത്രയേറെ പ്രാധാന്യം നല്‍കുന്ന ഈ തെരഞ്ഞെടുപ്പിലാണ്.

69 സ്ഥാനാര്‍ത്ഥികള്‍ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരും അതേസമയം ഭൂവുടമകളായവരുമായിരുന്നു. 27 കുര്‍മികളും 20 ലോധകളും 15 ജാട്ടുകളും ഏഴ് ഗുര്‍ജാറുകളും ഇക്കൂട്ടത്തില്‍പ്പെടുന്നു.


Also Read: ഗോവയില്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോറ്റു


സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇവരെ ഉള്‍പ്പെടുത്തുകവഴി ബി.ജെ.പി ലക്ഷ്യമിട്ടത് തെരഞ്ഞെടുപ്പിനു പുറമേ യു.പിയില്‍ മികച്ച അടിത്തറ നേടിയെടുക്കുക എന്നതുകൂടിയായിരുന്നു.

മുമ്പെങ്ങുമില്ലാത്തവിധം ബി.ജെ.പി ഇത്തവണ പിന്നോക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നത് ബി.ജെ.പി തന്നെ സമ്മതിക്കുന്നുണ്ട്. “പിന്നോക്ക സമുദായങ്ങളിലുള്ള യാദവരല്ലാത്തവര്‍ക്ക് ഞങ്ങള്‍ എല്ലായ്‌പ്പോഴും പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്രത്തോളമുണ്ടായിരുന്നില്ല. പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യം അനുസരിച്ച് ഇവര്‍ കൂടുതല്‍ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തയ്യാറായിരിക്കുന്നു.” ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മുന്‍ തെരഞ്ഞെടുപ്പുകളിലേതില്‍ നിന്നും വ്യത്യസ്തമായി സ്ഥാനാര്‍ത്ഥികളില്‍ യാദവരുടെ എണ്ണം ബി.ജെ.പി കുത്തനെ കുറച്ചു. എട്ട് യാദവരെ മാത്രമാണ് ഇത്തവണ പരിഗണിച്ചത്. സമാജ് വാദി പാര്‍ട്ടി ഭരണത്തിന്‍ കീഴിലെ യാദവ മേധാവിത്വത്തെ ഉയര്‍ത്തിക്കാട്ടിയായിരുന്നു യു.പിയില്‍ ബി.ജെ.പിയുടെ പ്രചരണവും.

ബി.എസ്.പി നേതാവ് മായാവതി ദളിത് വോട്ടുകള്‍ ഏകീകരിക്കുന്നത് തടയാന്‍ ബി.ജെ.പി ജാതവ് ഇതര പട്ടിക ജാതിയിലുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പ്രാധാന്യം നല്‍കി. യു.പിയിലെ ദളിത് ജനസംഖ്യയില്‍ 57%വും ജാതവ് വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ആകെ ജനസംഖ്യയില്‍ 22% മേ ഇതുവരൂ. 23 ജാതവന്മാരെ മാത്രം സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ബി.ജെ.പി 21 ദളിത് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തത് യു.പിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ദളിത് വിഭാഗമായ പാസി ജാതിയില്‍ നിന്നാണ്. യു.പിയിലെ ദളിത് ജനസംഖ്യയുടെ 16% ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്.


Don”t Miss: ‘ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ഇനി ഹൈന്ദവ സഹോദരങ്ങള്‍’; അങ്കമാലി ഡയറീസിന് വര്‍ഗീയ നിരൂപണമെഴുതിയ ജനം ടി.വിയെ ട്രോളി സോഷ്യല്‍ മീഡിയ


ഇതിനു പുറമേ മറ്റ് ചെറു ദളിത് സമുദായങ്ങളില്‍ നിന്നും 34 സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി. ഇത് ദളിത് ജനസംഖ്യയുടെ 25% വരും. എന്നാല്‍ ജാതവ വിഭാഗത്തെപ്പോലെ ബി.എസ്.പിയോട് ഒട്ടിപ്പിടിച്ചിരിക്കുന്നവരല്ല ഇവര്‍.

ബി.എസ്.പിയുടെ ഭാഗമായിരുന്ന ഒരു ഡസനോളം ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.ജെ.പിയിലേക്കു ചേക്കേറിയതും പാര്‍ട്ടിക്ക് ഗുണം ചെയ്തു. സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബി.ജെ.പിയിലേക്കു വന്നത്. ഇതിനു പുറമേ ഓം പ്രകാശ് രാജ്ഭാറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായും അനുപ്രിയ പട്ടേലിന്റെ അപ്‌ന ദളുമായും ബി.ജെ.പി സഖ്യമുണ്ടാക്കിയിരുന്നു. യഥാക്രമം രാജ്ഭാര്‍, കുര്‍മി സമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ ഇതുവഴി ബി.ജെ.പിക്കു കഴിഞ്ഞു.

1991നുശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് ബി.ജെ.പി നല്‍കിയ പ്രാധാന്യം മുമ്പുള്ളതിന്റെ ഇരട്ടിയിലേറെയാണ്. ഇത്തവണ ബി.ജെ.പിയുടെ ആകെ സ്ഥാനാര്‍ത്ഥികളുടെ 13%വും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എസ്.പി, ബി.എസ്.പി പാര്‍ട്ടികളെ പിന്തുണച്ചവരാണ് ഈ പിന്നോക്ക സമുദായങ്ങളിലേറെയും. 1990കളില്‍ അവര്‍ ദളിതരുമായി ഏറെ അടുത്തു നില്‍ക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ബി.എസ്.പിക്കൊപ്പം നിന്നിരുന്നവരാണ്. ബി.എസ്.പിയില്‍ നിന്നും ചില നേതാക്കളെ അടര്‍ത്തിമാറ്റിയതു കൂടാതെ എം.പിയായ കേശവ് പ്രസാദ് മൗര്യയെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാക്കുക വഴി ബി.ജെ.പി ഈ ദളിത് വോട്ടുകള്‍ കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്ത.്

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഏറ്റവും പിന്നോക്ക വിഭാഗമായ തെലി ജാതിയില്‍പ്പെട്ടതാണെന്ന് യു.പിയില്‍ പടതവണ ബി.ജെ.പി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more