| Friday, 18th December 2020, 7:43 pm

വലിയ അമ്പലങ്ങളുള്ളിടത്തെല്ലാം ബി.ജെ.പി ജയിച്ചു: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കേരളം ബി.ജെ.പിയ്ക്ക് ബാലികേറാമലയല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാക്ഷേത്രങ്ങളുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി വിജയിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചു. പന്തളം, പത്മനാഭ ക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂര്‍, തിരുവല്ലം, മലയാലപ്പുഴ, തിരുനക്കര, കൊടുങ്ങല്ലൂര്‍, നെന്മാറ, ചെമ്പഴന്തി, പെരുന്ന, ശിവഗിരി, വെങ്ങാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബി.ജെ.പി ജയിച്ചു’, സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ഫ്‌ളക്‌സ് വെച്ച സംഭവത്തെ സുരേന്ദ്രന്‍ ന്യായീകരിച്ചു. ശ്രീരാമന്റെ ചിത്രം എങ്ങനെ അപമാനമാകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപന ദിവസമായിരുന്നു പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കാര്‍ ജയ് ശ്രീരാം ഫ്‌ളക്‌സ് വെച്ചത്. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.

പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ ഈ നടപടിയ്ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിനെതിരെ വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Win All Major Temple Locations K Surendran

We use cookies to give you the best possible experience. Learn more