ബി.ജെ.പി 300 സീറ്റിലധികം നേടും; ബി.ജെ.പിയുടെ ആശയത്തോട് യേചിക്കുന്നവര്‍ക്ക് എന്‍.ഡി.എ സഖ്യത്തിലേക്ക് വരാം: അമിത് ഷാ
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 300 സീറ്റിലധികം നേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയോട് സമാന ആശയമുള്ളവരെ എന്‍.ഡി.എ സഖ്യത്തിലേക്ക് അമിത് ഷാ സ്വാഗതം ചെയ്യുകയും ചെയ്തു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഒറ്റക്ക് 300 ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ അവസാന വാര്‍ത്ത സമ്മേളനത്തില്‍ മോദിയും അമിത് ഷായും അവകാശവാദമുന്നയിച്ചത്.
അതേസമയം, സര്‍ക്കാറുണ്ടാക്കാന്‍ മറ്റ് കക്ഷികളുടേയും സഹായം വേണ്ടിവരുമെന്ന സൂചന നല്‍കുന്നതായിരുന്നു അമിത് ഷായുടെ വാക്കുകള്‍. അതിനു വേണ്ടിയാണ് ബി.ജെ.പിയോട് സമാന ആശയമുള്ളവരെ എന്‍.ഡി.എ സഖ്യത്തിലേക്ക് അമിത് ഷാ ക്ഷണിച്ചതും.
റഫാലിനെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. റഫാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാത്തത് ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്തതിനാലാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമാണ് അമിത് ഷാ വാര്‍ത്താ സമ്മേളനം വിളിച്ചത്. മോദിയുടെ ആദ്യത്തെ വാര്‍ത്താ സമ്മേളനം ആയിരുന്നു ഇത്. വാര്‍ത്താ സമ്മേളനത്തില്‍ മോദി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മിണ്ടാതിരിക്കുകയാണ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കിയില്ല.
പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്സെ പ്രകീര്‍ത്തനത്തെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അധ്യക്ഷനാണ് തങ്ങള്‍ക്കെല്ലാമെന്നും താന്‍ അച്ചടക്കത്തോടെ കേട്ടിരിക്കാമെന്നും അമിത് ഷായെ ചൂണ്ടിക്കാണിച്ച് മോദി പറയുകയും ചെയ്തു.
വാര്‍ത്താ സമ്മേളനത്തില്‍ കൂടുതലും സംസാരിച്ച അമിത് ഷാ ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളതെന്നും ഈ വികസനം മനസിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും മോദി പറഞ്ഞു.