| Wednesday, 24th November 2021, 12:54 pm

ഇന്ന് പട്ടേലിന്റെ ജന്മവാര്‍ഷികമാണ്, ഛായാചിത്രം ഇല്ലെങ്കില്‍ ബി.ജെ.പി മുതലെടുക്കില്ലേ; ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷിക പരിപാടിക്കിടെ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള സ്വകാര്യസംഭാഷണം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വീണ്ടും വിവാദത്തില്‍പ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 31 ന് ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാറും സിദ്ധരാമയ്യും തമ്മില്‍ സംസാരിച്ചതാണ് മൈക്കിലൂടെ പരസ്യമായത്.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ഓക്ടോബര്‍ 31 ന് തന്നെ ജന്മദിനം വരുന്ന രാജ്യത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഛായാചിത്രം ഇല്ലാത്തതിനെക്കുറിച്ചാണ് സിദ്ധരാമയ്യ ചോദിക്കുന്നത്.

സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ വെയ്ക്കാത്തത് ബി.ജെ.പി വിവാദം ആക്കുമോ എന്ന ആശങ്ക സിദ്ധരാമയ്യ സൂചിപ്പിക്കുന്നുണ്ട്. ഇതിന് പിന്നാലെ സര്‍ദാര്‍ പട്ടേലിന്റെ ഛായാചിത്രവും കൊണ്ടുവെക്കാന്‍ ശിവകുമാര്‍ തന്റെ ജീവനക്കാരോട് നിര്‍ദ്ദേശിക്കുന്നു.

‘ഇന്ന് അദ്ദേഹത്തിന്റെ (സര്‍ദാര്‍ പട്ടേല്‍) ജന്മവാര്‍ഷികമാണ്, അദ്ദേഹത്തിന്റെ ഛായാചിത്രം ഇല്ലേ?’ എന്നാണ് സിദ്ധരാമയ്യ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനോട് കന്നഡയില്‍ ചോദിക്കുന്നത്.

”സര്‍, അതെ. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. പക്ഷേ അദ്ദേഹത്തിന്റെ ഫോട്ടോ നമ്മള്‍ കരുതിയിട്ടില്ല,” ശിവകുമാര്‍ പറയുന്നു.

”എന്നാല്‍ എന്താ സംഭവിക്കാന്‍ പോകുന്നതെന്ന് വെച്ചാല്‍ ബി.ജെ.പി ഇത് മുതലെടുക്കും,” സിദ്ധരാമയ്യ ഇംഗ്ലീഷില്‍ പറയുന്നു.

ഇതിന് ഒരു സ്റ്റാഫ് അംഗത്തോട് വല്ലഭായി പട്ടേലിന്റെ ഫോട്ടോ നിങ്ങളുടെ പക്കലുണ്ടോ എന്നും ചോദിക്കികയും അതെടുക്കാന്‍ ശിവകുമാര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

‘നമ്മള്‍ ഫോട്ടോ വെയ്ക്കും,’ അദ്ദേഹം സിദ്ധരാമയ്യയോട് പറയുകയും അത് നല്ലതായിരിക്കുമെന്ന് സിദ്ധരാമയ്യ മറുപടി നല്‍കുകയും ചെയ്യുന്നു.

ബി.ജെ.പി എം.എല്‍.എയും മുന്‍ മന്ത്രിയുമായ എം.പി രേണുകാചാര്യയാണ് വീഡിയോ പുറത്തുവിട്ടത്.

നേരത്തെ, കോണ്‍ഗ്രസ് നേതാവ് വി.എസ്. ഉഗ്രപ്പ വിളിച്ച ത്രസമ്മേളനത്തിനിടെ അടുത്തുവന്നിരുന്ന മാറ്റൊരു നേതാവായ സലീം, ഉഗ്രപ്പയുമായി ശബ്ദംതാഴ്ത്തി സംസാരിച്ചത് ക്യാമറയില്‍ പതിഞ്ഞിരുന്നു. ചാനലുകളുടെ ക്യാമറകളും മൈക്കുകളും ഓണ്‍ ആയിരിക്കുമ്പോഴായിരുന്നു സംഭാഷണം. ഇവര്‍ അറിയാതെ റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണം ബി.ജെ.പി. നേതാവ് അമിത് മാളവ്യയാണ് പുറത്തുവിട്ടത്.

ഡി.കെ. ശിവകുമാറിന് കൈക്കൂലി വാങ്ങാന്‍ ഒട്ടേറെ അടുപ്പക്കാരുണ്ടെന്ന് സംഭാഷണത്തില്‍ സലീം പറഞ്ഞിരുന്നു. ഇതിലൊരാള്‍ 50 കോടിമുതല്‍ നൂറുകോടി രൂപവരെ സമ്പാദിച്ചെന്നും യാള്‍ ഒരു കളക്ഷന്‍ ഏജന്റ് മാത്രമാണെന്നും സലീം പറയുന്നു. ഡി.കെ. ശിവകുമാറിനെ നമ്മള്‍ കെ.പി.സി.സി. പ്രസിഡന്റാക്കിയെന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത് ഇത്തരം കാരണങ്ങളാലാണെന്നും ഉഗ്രപ്പ മറുപടിപറയുന്നുണ്ട്.
ഇത് വലിയ വിവാദത്തിനാണ് തുടക്കമിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “BJP Will Take Advantage”: Karnataka Congress’s Hot Mic Moment Again

We use cookies to give you the best possible experience. Learn more