| Sunday, 2nd June 2019, 8:12 am

തൃണമൂലിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന ധാരണ തകര്‍ത്തു, കേരളത്തിലും ബി.ജെ.പി ജയിക്കും; കൈലാഷ് വിജയ്‌വര്‍ഗിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലുണ്ടാക്കിയ മുന്നേറ്റം കേരളത്തിലുമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന് ബംഗാളിന്റെ ചുമതലുണ്ടായിരുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ. എന്നാല്‍ ബംഗാളിലേതു പോലെ ഒരനുകൂല സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കാന്‍ ഇതു വരെ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

‘തൃണമൂലിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ധാരണ ഞങ്ങള്‍ തകര്‍ത്തു. ഒരുവേള കേരളത്തില്‍ അതാവര്‍ത്തിച്ചാല്‍, ബി.ജെ.പി ജയിക്കുമെന്ന് ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങിയാല്‍, അവരുടെ വോട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിക്കും’- കേരളത്തില്‍ എന്തു കൊണ്ട് ബി.ജെ.പിക്ക് ഭേദപ്പെട്ട പ്രകടനം പോലും കാഴ്ചവെക്കാനായില്ലെന്ന ചോദ്യത്തിന് മറുപടിയായി കൈലാഷ് പറയുന്നു.

എന്നാല്‍ കേരളത്തില്‍ ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ഇതു വരെ സാധിച്ചിട്ടില്ലെന്നും കൈലാഷ് തുറന്നു സമ്മതിക്കുന്നു. ‘ഞങ്ങള്‍ക്ക് ബംഗാളിലേതു പോലെ ഒരു സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. അത് ഉണ്ടാവുന്ന അന്ന് കേരളത്തിലും ബി.ജെ.പി വിജയക്കും’- കൈലാഷ് പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. 2014 കേവലം നാലു സീറ്റുകള്‍ മാത്രമുണ്ടായിരുന്നിടത്ത് നിന്നാണ് ബി.ജെ.പിയുടെ വളര്‍ച്ച.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിധിയെ കേന്ദ്രീകരിച്ച് ഹിന്ദു വോട്ടുകള്‍ പിടിക്കാന്‍ കേരളത്തില്‍ ബി.ജെ.പി പയറ്റിയ തെരഞ്ഞെടുപ്പ് തന്ത്രം ദയനീയമായി പരാജയപ്പെടുകയായിരുന്നു. 2014ലേതിനെക്കാള്‍ നാലു ശതമാനം കൂടുതല്‍ പേര്‍ ഈ വര്‍ഷം കൂടുതലായി വോട്ടു ചെയ്‌തെങ്കിലും കേവലം രണ്ടും ശതമാനം വോട്ടുകളുടെ സ്വാഭാവിക വളര്‍ച്ച മാത്രമാണ് സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായത്.

ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ പൗരത്വ പട്ടിക തയ്യാറാക്കി സംസ്ഥാനത്തു നിന്നും ഒരു കോടിയോളം കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കൈലാഷ് പറയുന്നു. ‘ഈ ആളുകള്‍ ബംഗാളിലെ ജനങ്ങളുടെ ജോലികളും മറ്റു തട്ടിയെടുക്കുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും’- കൈലാഷ് പറയുന്നു.

We use cookies to give you the best possible experience. Learn more