കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനം. മുന്നണി ഐകകണ്‌ഠ്യേന തീരുമാനമെടുക്കുകയായിരുന്നു എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥിയെ അന്തിമമായി പ്രഖ്യാപിക്കുകയെന്നും സാധ്യതാ പട്ടിക ഉടന്‍ കൈമാറുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പാലായില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നത് ഘടകകക്ഷികള്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് ജനപക്ഷം നേതാവും എം.എല്‍.എയുമായ പി.സി ജോര്‍ജ് പ്രതികരിച്ചു.
എന്നാല്‍ ഇന്നലെ വരെ പി.സി ജോര്‍ജ് പറഞ്ഞത് ക്രിസ്ത്യാനിയായിട്ടുള്ള സ്വതന്ത്രനെ മത്സരിപ്പിക്കണമെന്നായിരുന്നു. ബി.ജെ.പിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ബി.ജെ.പി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളതെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പകരം എന്‍.ഡി.എ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നായിരുന്നു പി.സി ജോര്‍ജിന്റെ ആവശ്യം. ബി.ജെ.പിയോടുള്ള ജനവികാരം മാറാതെ അവര്‍ക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.
യു.ഡി.എഫ് വിട്ടുവന്നാല്‍ പി.ജെ ജോസഫിനെ എന്‍.ഡി.എ മുന്നണി സ്വീകരിക്കുമെന്നും പി.സി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകുമെന്നും മകന്‍ ഷോണ്‍ മത്സരിക്കാനില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയാണ് മത്സരിക്കുന്നതെന്നും അല്ല ജോസ് കെ മാണിയാണെന്നുമുള്ള ചര്‍ച്ചകള്‍ സജീവമാണ്.
ജോസ് കെ.മാണി മത്സരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ അതൃപ്തി അറിയിച്ചിരുന്നു. ജോസ് കെ.മാണി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കോണ്‍ഗ്രസിന്റെ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്താന്‍ തയ്യാറാവുമെന്ന് തോന്നുന്നില്ലെന്നും ജോസഫ് വാഴക്കന്‍ പ്രതികരിച്ചിരുന്നു.