തിരുവനന്തപുരം: കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞങ്ങള്‍ കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,’ കുമ്മനം പറഞ്ഞു.
On campaign trail in Nemom in Kerala, ex gov and BJP candidate Kummanam Rajasekheran tells us: ‘we will not ask for a beef ban in Kerala.. here everyone is free to eat what they want!’ Guess the Kerala political model doesn’t allow for any food policing!🙏#ElectionsOnMyPlatepic.twitter.com/p1g6NLSeWN
തമിഴ്‌നാട്ടില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ബി.ജെ.പി കേരളത്തില്‍ അത് അത്ര ഊന്നിപ്പറയുന്നില്ല. അണ്ണാ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മത്സരിക്കുന്ന ബി.ജെ.പി തങ്ങളുടെ പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനമായാണ് ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കശാപ്പ് നിരോധിക്കുമെന്നും ഇറച്ചിക്ക് കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് പശുക്കളുടെ കയറ്റി അയക്കുന്നത് നിര്‍ത്തുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം.
2016 ലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വേ പ്രകാരം തമിഴ്‌നാട്ടിലേയും കേരളത്തിലേയും 97 ശതമാനം പേരും നോണ്‍ വെജിറ്റേറിയനാണ്. എന്നാല്‍ ബീഫ് കഴിക്കുന്നവരുടെ എണ്ണം പരിശോധിക്കുമ്പോള്‍ രണ്ട് സംസ്ഥാനങ്ങളുടെ കാര്യത്തിലും വലിയ അന്തരമുണ്ട്.
2011-12 ലെ ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് (എന്‍.എസ്.എസ്.ഒ) സര്‍വേ പ്രകാരം ബീഫ് കഴിക്കുന്നവരുടെ എണ്ണം തമിഴ്‌നാടിനേക്കാള്‍ രണ്ട് ഇരട്ടിയിലേറെയാണ് കേരളത്തിലുള്ളത്. പോത്ത്, എരുമ മാംസമാണ് കേരളത്തില്‍ പ്രധാനമായും വില്‍ക്കപ്പെടുന്നത്.