യു.പി. തെരഞ്ഞെടുപ്പില്‍ ഇത്തവണ ബി.ജെ.പി. നിലംപൊത്തും; സമാജ് വാദി പാര്‍ട്ടി 300 സീറ്റുകള്‍ പിടിക്കുമെന്ന് അഖിലേഷ് യാദവ്
national news
യു.പി. തെരഞ്ഞെടുപ്പില്‍ ഇത്തവണ ബി.ജെ.പി. നിലംപൊത്തും; സമാജ് വാദി പാര്‍ട്ടി 300 സീറ്റുകള്‍ പിടിക്കുമെന്ന് അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd June 2021, 1:32 pm

ലഖ്‌നൗ: വരാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നിലം പൊത്തുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി. മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം.

യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് എതിര്‍പ്പുകളുയരുകയാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

‘മുഖ്യധാര പാര്‍ട്ടികളുമായുള്ള എന്റെ അനുഭവം അത്ര സുഖകരമല്ല. ഒരിക്കലും അത്തരം പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ല,’ അഖിലേഷ് പറഞ്ഞു.

403 സീറ്റുകളുള്ള യു.പി. നിയമസഭയില്‍ ഇത്തവണ 300 സീറ്റുകള്‍ നേടി സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ ഇത്തവണ ബി.ജെ.പി. നിലംപൊത്തും. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണ് ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഭരിക്കുന്നത്. ഈ ദുരിത സമയത്തും കൊവിഡ് മരണങ്ങളില്‍ പച്ചകള്ളങ്ങളാണ് യോഗി സര്‍ക്കാര്‍ പുറത്തുവിടുന്നത്,’ അഖിലേഷ് യാദവ്.

അതേസമയം യു.പി. ബി.ജെ.പിയില്‍ അസ്വാരസ്യം ഉയര്‍ന്നുവരികയാണെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബി.ജെ.പി. ശ്രമം നടത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെ കഴിഞ്ഞദിവസം ആദിത്യനാഥ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എ.കെ.ശര്‍മയെ മര്‍മ പ്രധാനമായ സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ബി.ജെ.പിയുടെ പുതിയ നീക്കങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: BJP Will Lose In UP Polls, People Want Change Says Akhilesh Yadav