ന്യൂദല്‍ഹി: ഗുജറാത്തില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന സൂചന നല്‍കുന്ന ആര്‍.എസ്.എസ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ വെറും 60 സീറ്റുകളില്‍ ബി.ജെ.പി ഒതുങ്ങുമെന്നാണ് ആര്‍.എസ്.എസ് സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഗുജറാത്തിനു പുറമേ മധ്യപ്രദേശും ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്നാണ് ആര്‍.എസ്.എസ് സര്‍വ്വെയില്‍ പറയുന്നത്.
ഗുജറാത്തില്‍ 100ലേറെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വന്‍മുന്നേറ്റം നടത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. ഗുജറാത്ത് വികസന മോഡല്‍ ഉയര്‍ത്തിക്കാട്ടിയാണ് 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍മുന്നേറ്റം കാഴ്ചവെച്ചത്. എന്നാല്‍ അവിടെയത് ഫലംകാണില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാകുന്നത്.
ബി.ജെ.പിയുടെ വോട്ടുഷെയറില്‍ കുറഞ്ഞത് 10% എങ്കിലും കുറവുണ്ടാകുമെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. സര്‍വ്വേ റിപ്പോര്‍ട്ട് ബി.ജെ.പി പ്രസിഡന്റ് അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആര്‍.എസ്.എസ് കൈമാറി.
Must Read: സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കും: ഉത്തരവുമായി സല്‍മാന്‍ രാജാവ്
വോട്ടര്‍മാരുടെ പള്‍സ് അറിയാന്‍ ഗുജറാത്തില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. പിന്നോക്ക സമുദായങ്ങളിലുള്ള ജനവിഭാഗങ്ങളുടെ രോഷമാണ് ബി.ജെ.പിയുടെ വോട്ടുഷെയര്‍ കുത്തനെ ഇടിയാന്‍ കാരണമായതെന്നാണ് നിഗമനം. മറുവശത്ത് പട്ടേല്‍ സമുദായത്തിന്റെ എതിര്‍പ്പും വോട്ടു ഷെയര്‍ കുറയ്ക്കും.
ഗുജറാത്തില്‍ കോലി മച്ഛൂര സമുദായം 24.22%വും 17.61% ആദിവാസികളും, കുന്‍ബി പടിതാര്‍ പട്ടേലുകള്‍ 12.116%വുമാണ്. ദളിതര്‍ വെറും 7.17% ഉം മുസ്‌ലീങ്ങള്‍ 8.53% മാത്രമേയുള്ളൂ. കോലി മച്ഛൂരയും, പടിതാറുകളുമാണ് പടിഞ്ഞാറന്‍ ഗുജറാത്തിലെ ശക്തരായ കൂട്ടം. ഈ മേഖലയിലെ 58 സീറ്റുകളില്‍ 36 സീറ്റുകളിലും പട്ടേലുകളുടെ സ്വാധീനം വലുതാണ്. സൗരാഷ്ട്രയിലെ 46 സീറ്റുകളിലും തെക്കന്‍ ഗുജറാത്തിലെ 13 സീറ്റുകളിലും കോലി മച്ഛൂര സമുദായത്തിന്റെ സ്വാധീനം നിര്‍ണായകമാണ്.
കോലി സമുദായത്തിന്റെ സ്വാധീനം അറിയാവുന്നതുകൊണ്ടാവാം ബി.ജെ.പി തങ്ങളുടെ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദ് കോരി സമുദായക്കാരനായിരുന്നിട്ടും അദ്ദേഹത്തെ കോലി സമുദായക്കാരനായി ഉയര്‍ത്തിക്കാട്ടുന്നത്.
ഈ സമുദായങ്ങള്‍ക്കു പുറമേ പട്ടേല്‍ പ്രക്ഷോഭം, ഒ.ബി.സി പ്രക്ഷോഭം, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദളിത് പ്രക്ഷോഭം എന്നിവ ബി.ജെ.പിയെ സാരമായി ബാധിക്കുമെന്നും ജി.എസ്.ടി വന്നത് വ്യവസായികളെയും പിണക്കിയിട്ടുണ്ടെന്നും സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യാവകാശ സംഘടനകളും ബി.ജെ.പിക്കെതിരെ പ്രചരണം നടത്തുന്നുവെന്നും ഇത് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തടയുമെന്നതാണ് സര്‍വേയിലുള്ളതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മധ്യപ്രദേശില്‍ 2012ല്‍ കിട്ടിയതിന്റെ പകുതി സീറ്റേ ബി.ജെ.പിക്കു ലഭിക്കൂവെന്നാണ് സര്‍വ്വേ കാണിക്കുന്നത്. 120ലേറെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും ബി.ജെ.പി വെറും 57-60 സീറ്റുകളില്‍ ചുരുങ്ങുമെന്നുമാണ് സര്‍വ്വേ ഫലം പറയുന്നത്.
230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയില്‍ ആകെയുള്ളത്. ഇതില്‍ 116 സീറ്റുകളില്‍ വിജയിച്ചാലേ ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ കഴിയുകയുള്ളൂ.
മധ്യപ്രദേശിലെ വ്യാപം കുംഭകോണവും ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട പെണ്‍വാണിഭവുമെല്ലാം പാര്‍ട്ടിക്കു തിരിച്ചടിയാവും. കൂടാതെ കര്‍ഷക പ്രക്ഷോഭത്തിനിടെ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടതും 50ലേറെ കര്‍ഷകരുടെ ആത്മഹത്യയും നര്‍മ്മദ ബചാവോ ആന്തോളന്‍ നേതാക്കളെ ജയിലില്‍ അയച്ചതുമെല്ലാം തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്കു കാരണമാകുമെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.