2027ലെ യു.പി തെരഞ്ഞെടുപ്പിലും നിലവിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി എല്ലാ സീറ്റിലും തോൽക്കും: അഖിലേഷ് യാദവ്
national news
2027ലെ യു.പി തെരഞ്ഞെടുപ്പിലും നിലവിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി എല്ലാ സീറ്റിലും തോൽക്കും: അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2024, 8:59 am

ലഖ്‌നൗ: 2027ലെ യു.പി തെരഞ്ഞെടുപ്പിലും നിലവിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി എല്ലാ സീറ്റിലും തോൽക്കുമെന്ന പ്രസ്താവനയുമായി സമാജ്‌വാദി പാർട്ടി (എസ്‌.പി) അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഒമ്പത് നിയമസഭാംഗങ്ങൾ പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഒരു നിയമസഭാംഗത്തിന് ശിക്ഷ വിധിക്കുകയും ചെയ്തതിനെ തുടർന്ന് ഒഴിവുവന്ന 10 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന.

‘2027ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എല്ലാ സീറ്റിലും തോൽക്കും ഒപ്പം വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും അവർ തോൽക്കും. അവർക്ക് എല്ലാ സീറ്റുകളും നഷ്ടപ്പെടുന്നത് നമുക്ക് കാണാം,’ അഖിലേഷ് യാദവ് പറഞ്ഞു. സമാജ്‌വാദി പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കഴിഞ്ഞ രണ്ട് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് എസ്.പിക്ക് കനത്ത തോൽവി ഉണ്ടായെങ്കിലും ഭരണകക്ഷിയായ ബി.ജെ.പിയുടെ വർഗീയ പ്രചാരണം ജനങ്ങൾ കണ്ടതിനാൽ ഇത്തവണ വിധി മാറുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് യാദവ് പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 37 സ്ഥാനാർത്ഥികളുടെ വിജയത്തിലൂടെ സമാജ്‌വാദി പാർട്ടി സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പാർട്ടിയായി മാറിയിരുന്നു. ബി.ജെ.പിയുടെ 400ലധികം സീറ്റുകൾ നേടണമെന്ന ആഗ്രഹം പൊളിച്ചെഴുതാൻ സമാജ്‌വാദി പാർട്ടി വലിയ പങ്ക് വഹിച്ചിരുന്നു.

‘ബി.ജെ.പി ജനാധിപത്യത്തെ കളങ്കപ്പെടുത്തി. വർഗീയത പ്രചരിപ്പിച്ചു. ജനങ്ങൾക്ക് മികച്ച ജീവിത സാഹചര്യം നൽകാൻ സമാജ് വാദി പാർട്ടിക്ക് കഴിയും. അതിനാൽ എനിക്ക് പ്രതീക്ഷയുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 10 സീറ്റുകളിൽ മൂന്നെണ്ണം ബി.ജെ.പിയും സഖ്യകക്ഷിയായ നിഷാദ് പാർട്ടിയും നേടിയിരുന്നു. എസ്.പി അഞ്ച് സീറ്റിലും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) ഒരു സീറ്റിലും വിജയിക്കുകയും ചെയ്തു. എന്നാൽ ആർ.എൽ.ഡി ഇപ്പോൾ ബി.ജെ.പിയുമായി സഖ്യത്തിലാണ്.

 

 

 

 

Content Highlight: BJP will lose all seats in UP by-polls, get routed in 2027: Akhilesh Yadav