| Tuesday, 21st May 2019, 5:37 pm

എക്‌സിറ്റ് പോളുകള്‍ ഗൂഢാലോചന; ജയിക്കാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകും; ആരോപണവുമായി മുന്‍ സഖ്യകക്ഷി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകുമെന്നു മുന്‍ കേന്ദ്രമന്ത്രിയും ആര്‍.എല്‍.എസ്.പി അധ്യക്ഷനുമായ ഉപേന്ദ്ര കുശ്‌വാഹ. കുറച്ചുനാള്‍ മുന്‍പു വരെ ബിഹാറില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു ആര്‍.എല്‍.എസ്.പി.

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട എക്‌സിറ്റ് പോളുകള്‍ കൊണ്ട് ഫലം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി ഏതറ്റം വരെയും പോകും. അതിനായി അവര്‍ ധാര്‍മികമോ അധാര്‍മികമോ ആയ ഏതു ചുവടും സ്വീകരിക്കും. ഇതൊരു വലിയ ഗൂഢാലോചനയാണ്. എക്‌സിറ്റ് പോളുകള്‍ ഈ ഗൂഢാലോചനയുടെ ഭാഗമാണ്.’- കുശ്‌വാഹ ആരോപിച്ചു.

എക്‌സിറ്റ് പോളുകള്‍ യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധമില്ലാത്തവയാണ്. എക്‌സിറ്റ് പോളുകളുടെ ഭാഗമായി സര്‍വേയില്‍ പങ്കെടുത്ത ഒരാളെപ്പോലും നമ്മളിതുവരെ കണ്ടിട്ടില്ല. ഒരു സൈക്കോളജിക്കല്‍ ടൂളാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. നേരത്തേ അത് ബൂത്തുപിടിത്തമായിരുന്നു. ഇപ്പോളത് എക്‌സിറ്റ് പോളുകളാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.വി.എമ്മുകളുമായി വാഹനം കാണപ്പെട്ടതിനെക്കുറിച്ച് വാര്‍ത്ത കേട്ടെന്നും ജനങ്ങള്‍ കോപാകുലരാണെന്നും അദ്ദേഹം പറഞ്ഞു. ഇതു തുടര്‍ന്നാല്‍ തെരുവില്‍ ചോരയൊഴുകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോദിസര്‍ക്കാരില്‍ മാനവവിഭവശേഷി സഹമന്ത്രിയായിരുന്നു കുശ്‌വാഹ. എന്നാല്‍ കുറച്ചുനാള്‍ മുന്‍പ് ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി.

സംശയകരമായ എക്സിറ്റ് പോളുകള്‍ക്കു പുറമേ ഇ.വി.എമ്മികളില്‍ തിരിമറി നടത്തുന്നത് അണിയറയില്‍ അടുത്ത ബാലാകോട്ട് ഒരുങ്ങുന്നതായി വ്യക്തമാക്കുന്നതാണെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആരോപിച്ചിരുന്നു. ‘ബി.ജെ.പി ജയിക്കുന്നതോ തോല്‍ക്കുന്നതോ ഈ ലോകത്തിന്റെ അവസാനമല്ല. എന്നാല്‍ അതു സ്ഥാപനങ്ങളില്‍ അട്ടിമറി നടത്തുമെന്നും മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചയുണ്ടാക്കുമെന്നുമുള്ളതാണു സത്യം. ഈ സംവിധാനത്തിലുള്ള ആത്മാഭിമാനമുള്ള പലരും, മാധ്യമപ്രവര്‍ത്തകരടക്കം എഴുന്നേറ്റുനിന്ന് അവരുടെ ശബ്ദം ഉയര്‍ത്തുന്നുണ്ട്. എന്താണോ ശരി, അതിനുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ ഈ ഫലം ബാധിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.’- മെഹ്ബൂബ പറഞ്ഞു.

വോട്ടര്‍മാരുടെ വിധിയില്‍ കൃത്രിമം നടന്നെന്ന റിപ്പോര്‍ട്ടുകളില്‍ താന്‍ ആശങ്കാകുലനാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും അഭിപ്രായപ്പെട്ടിരുന്നു. ‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള ഇ.വി.എമ്മുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അഭ്യൂഹങ്ങളുണ്ടാകുന്നതു നമ്മുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെപ്പോലും ചോദ്യം ചെയ്യുന്നതാണ്. ജനവിധി അലംഘനീയമാണ്. സംശയത്തിന്റെ ഒരണുപോലും അതിനുമുകളില്‍ വരാന്‍ പാടില്ല.’- അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more