ന്യൂദല്‍ഹി: കേരളത്തിലെ സി.പി.ഐ.എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്നും കേരളത്തില്‍ താമസിയാതെ തന്നെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമുള്ള അവകാശവാദമവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
കേരളത്തിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വികസന പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും, സബ്കാ സാത് സബ്കാ വികാസ് എന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തില്‍ കേരളത്തിലെ ജനതയ്ക്ക് വിശ്വാസമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് ശേഷം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സുരേന്ദ്രനൊപ്പം ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയായിരുന്നു അനില്‍ ആന്റണി കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
മറ്റ് പാര്‍ട്ടിയിലെ പല നേതാക്കളും ഉടന്‍ ബി.ജെ.പിയിലേക്കെത്തുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും പറഞ്ഞിരുന്നു.
അതേസമയം ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിക്കായാണ് മോദി കൊച്ചിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ അനില്‍ ആന്റണിയെയും പങ്കെടുപ്പിക്കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. യുവാക്കളുടെ പ്രതിനിധി എന്ന നിലയില്‍ അനില്‍ ആന്റണിയെ വേദിയില്‍ അവതരിപ്പിക്കാനാണ് നീക്കം.
എന്നാല്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത് പാര്‍ട്ടിയെ ബാധിക്കുന്ന ഒരു വിഷയമല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തെ യൂദാസിന്റെ ഒറ്റിക്കൊടുക്കലിനോടാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉപമിച്ചത്.
അനില്‍ ആന്റണി എ.കെ. ആന്റണിയുടെ മകനെന്നതിനപ്പുറം കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുമല്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. അനില്‍ കൊടികുത്തി നടക്കുകയോ പോസ്റ്റര്‍ ഒട്ടിക്കുകയോ സമരം ചെയ്യുകയോ സിന്ദാബാദ് വിളിക്കുകയോ ചെയ്തിട്ടില്ലെന്നും, പാര്‍ട്ടി വിട്ടതില്‍ കോണ്‍ഗ്രസിന് പ്രശ്‌നമൊന്നും സംഭവിക്കില്ലെന്നുമാണ് സുധാകരന്‍ പറഞ്ഞിരുന്നത്.
Content Highlights: BJP will form government in Kerala: K. Surendran