ഫാസിയാബാദ്: യു.പിയില്‍ അധികാരത്തിലെത്തിയാല്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് ദളിത് വേട്ടയെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ബി.ജെ.പിയുടെ ഗൂഢ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മായാവതി ഫാസിയാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ബി.ജെ.പിയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അത് സംവരണങ്ങള്‍ക്കതിരായുള്ള വോട്ടാകുമെന്നും മായാവതി മുന്നറിയിപ്പ് നല്‍കി. “ബി.ജെ.പി ഇവിടെ അധികാരത്തിലെത്തുകയാണെങ്കില്‍ എല്ലാതരത്തിലുള്ള സംവരണങ്ങളും നമുക്ക് നഷ്ടമാകും, ഈ വിവരം എനിക്ക് ബന്ധപ്പെട്ട സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതാണ്” മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ മായാവതി ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ദളിതര്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും നല്‍കി. “ഭാരതീയ ജനതാ പാര്‍ട്ടി” “ഭാരതീയ ജുംല പാര്‍ട്ടി”യായി മാറിയെന്നു പരിഹസിച്ച ബി.എസ്.പി അധ്യക്ഷ ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ഇത് തന്നെയാണ് ഇപ്പോള്‍ ബി.ജെ.പിയുടെ അവസ്ഥയെന്നും കൂട്ടിച്ചേര്‍ത്തു.
യു.പിയില്‍ തെരഞ്ഞെടുപ്പ് അന്ത്യമഘട്ടത്തിലേക്കടുക്കുമ്പോള്‍ പരസ്പരം വിമര്‍ശനങ്ങളും വാഗ്ദാനങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ സജീവമാകുന്ന കാഴ്ചയാണ് കാണുന്നത്. ഈയാഴ്ചയാദ്യം ബി.എസ്.പിയെ “ബെഹന്‍ജി സമ്പാതി പാര്‍ട്ടി” എന്നു മോദി വിശേഷിപ്പിച്ചിരുന്നു ഇതിനു മറുപടിയായി “ദളിത് വിരുദ്ധന്‍” എന്നു മോദിയെ വിശേഷിപ്പിച്ചുകെണ്ട് മായാവതിയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിമര്‍ശനങ്ങളുമായി മായാവതി രംഗത്തെത്തിയിരിക്കുന്നത്.