'വര്‍ഗീയത പറഞ്ഞ് വോട്ടിനോട്ടം'; ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുമെന്ന് കെ.സുരേന്ദ്രന്‍
Kerala News
'വര്‍ഗീയത പറഞ്ഞ് വോട്ടിനോട്ടം'; ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുമെന്ന് കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th February 2021, 12:43 pm

തിരുവനന്തപുരം: ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
”വിശ്വാസികളുടെ കാര്യത്തില്‍ വലിയ താത്പര്യമുണ്ടെന്ന് പറയുന്ന എല്‍.ഡി.എഫും യു.ഡി.എഫും ദേവസ്വം ബോര്‍ഡുകള്‍ രാഷ്ട്രീയവിമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രകടനപത്രികയില്‍ അവരുടെ നിലപാട് പറയുമോ? കേരളത്തിലെ ഹിന്ദു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ക്ഷേത്രങ്ങളെ കൈയടക്കിവെച്ചിരിക്കുന്ന സര്‍ക്കാര്‍ നയമാണ്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളെല്ലാം സര്‍ക്കാരിന്റെ കയ്യിലാണ്. ദേവസ്വം ബോര്‍ഡ് കൊള്ളയടിച്ച് രാഷ്ട്രീയക്കാരെ അവിടെ തിരുകികയറ്റി രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുന്നതില്‍ ഹിന്ദു സമൂഹം പ്രതിഷേധത്തിലാണ്,” കെ സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ആദ്യം കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡും പിരിച്ചുവിടും. വിശ്വാസികളെ ക്ഷേത്രത്തിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്യും കെ.സുരേന്ദ്രന്‍ പറഞ്ഞു.ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് ശനിയാഴ്ച യു.ഡി.എഫ് പറഞ്ഞിരുന്നു.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടുകൊണ്ടായിരുന്നു യു.ഡി.എഫിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രനും വാര്‍ത്താ സമ്മേളനം നടത്തിയിരിക്കുന്നത്.

ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലാണ് യു.ഡി.എഫിന്റെ ശബരിമല നിയമം. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരിയെന്നും അവസാന വാക്ക് തന്ത്രിയുടേതായിരിക്കുമെന്നും നിയമത്തിന്റെ കരടില്‍ പറയുന്നു. ക്ഷേത്രങ്ങളുടെ എല്ലാ അധികാരവും വിശ്വാസികളെ ഏല്‍പ്പിക്കുമെന്നാണ് കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ നിയമത്തിന്റെ കരട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ കൈമാറട്ടെ എന്ന് മന്ത്രി എ കെ ബാലന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുന്നത്. വെറുതെ വാചകക്കസര്‍ത്ത് നടത്തുകയല്ല യു.ഡി.എഫ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് നേരത്തേ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.

അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Will dismiss Devaswom board says k surendran