രാജസ്ഥാനില്‍ വര്‍ഗീയ കാര്‍ഡിറക്കി രക്ഷപ്പെടാന്‍ ഇനി ബി.ജെ.പിക്ക് കഴിയില്ല; കര്‍ണാടക പാഠമാണല്ലോ: അശോക് ഗെഹ്‌ലോട്ട്
national news
രാജസ്ഥാനില്‍ വര്‍ഗീയ കാര്‍ഡിറക്കി രക്ഷപ്പെടാന്‍ ഇനി ബി.ജെ.പിക്ക് കഴിയില്ല; കര്‍ണാടക പാഠമാണല്ലോ: അശോക് ഗെഹ്‌ലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th June 2023, 12:16 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഇറക്കുന്ന വര്‍ഗീയ കാര്‍ഡ് ഇനി വിലപോകില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കര്‍ണാടകയില്‍ ഈ തെരഞ്ഞെടുപ്പ് തന്ത്രം പരാജയപ്പെട്ടെന്നും രാജസ്ഥാനിലും അത് വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അശോക് ഗെഹ്‌ലോട്ടിന്റെ പ്രതികരണം.

മതപരമായ പരാമര്‍ശങ്ങള്‍ നടത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ശ്രമിക്കുന്നതെന്ന് ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി.

‘മോദിയും അമിത് ഷായും മതത്തിന്റെ പേരിലാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇത്തവണ അതൊന്നും വിജയിച്ചില്ല. കര്‍ണാടകയില്‍ ബജ്‌റംഗ് ബലി മുദ്രാവാക്യം അവര്‍ ഉയര്‍ത്തിയെങ്കിലും അത് വിലപോയില്ല. മോദിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ പ്രചരണം നടത്തുന്നത് ഒരു കുറ്റകൃത്യം തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലും ഇത്തരത്തില്‍ തന്നെ സംഭവിക്കുമോയെന്ന ചോദ്യത്തിന് ഇത് ബി.ജെ.പിയുടെ രീതിയാണെന്നും അവര്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഭരണമികവ് ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പിക്കെതിരെ ചെറുത്ത് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അഞ്ച് വര്‍ഷത്തെ ഭരണ മികവില്‍ എനിക്ക് വിശ്വാസമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, റോഡുകള്‍ എന്നിവയിലെല്ലാം വികസനം കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ഒരു കോടി ജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കി,’ അദ്ദേഹം പറഞ്ഞു.

അതേസമയം, സച്ചിന്‍ പൈലറ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഗെഹ്‌ലോട്ട് തയ്യാറായില്ല.

‘ദല്‍ഹിയില്‍ വെച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, കെ.സി വേണുഗോപാലും ഉണ്ടായിരുന്നു. അതിനെ കുറിച്ചൊന്നും ഇപ്പോള്‍ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഞാനിപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടും,’ അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ അവര്‍ക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കോടതിയില്‍ എത്തിയിട്ടുണ്ട്. എന്താണ് ഞങ്ങളിനി ചെയ്യാന്‍ ബാക്കിയുള്ളതെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ ഞാനത് ചെയ്യാം,’ ഗെഹ്‌ലോട്ട് പറഞ്ഞു. കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്കും നയങ്ങള്‍ക്കും രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP will communalise elections: Ashok Gehlot