ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതില്‍ പ്രതികരണവുമായി ബി.ആര്‍.എസ് എം.എല്‍.എ ധനം നാഗേന്ദര്‍. ശരിയായ സമയത്ത് ബിജെപിയെ തങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു (ANI) നാഗേന്ദറിന്റെ പ്രതികരണം.
‘ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന പ്രതികാര നടപടികള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെയും ബി.ജെ.പിയുടെയും കയ്യിലെ കളിപ്പാവയായാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നത്. ഇത് ഒട്ടും ശരിയായ പ്രവണതയല്ല. തനിക്ക് ഈ കേസുകളുമായി യാതൊരു ബന്ധവുമില്ലെന്ന കാര്യം കവിത കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്,’ നാഗേന്ദര്‍ പറഞ്ഞു.
‘ആരെങ്കിലുമൊക്കെ കവിതയുടെ പേര് പറയുന്നതിന്റെ പുറത്ത് ഇ.ഡി എങ്ങനെയാണ് അതിനെ ഗൂഢാലോചനയുടെ പരിധിയില്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസവും രാത്രി പത്ത് മണിയോടടുപ്പിച്ചാണ് ചോദ്യം ചെയ്യല്‍ കഴിഞ്ഞ് അവര്‍ പുറത്ത് വന്നത്. ഒരു സ്ത്രീ ഇങ്ങനെ അക്രമിക്കപ്പെടുന്നതിന് കാരണക്കാരായ ആരെയും വെറുതെ വിടില്ല. ബി.ആര്‍.എസ് പാര്‍ട്ടി പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. എന്ത് പ്രത്യാഘാതങ്ങളുണ്ടായാലും നേരിടും. ശരിയായ സമയത്ത് ബിജെപിയെ ഒരു പാഠം പഠിപ്പിക്കും,’ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ഡി കവിതയെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് മൂന്നാം ദിവസമാണ് കവിത കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരായത്.
കവറിനുള്ളിലാക്കിയ തന്റെ ഫോണുകള്‍ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടിയ ശേഷമാണ് കവിത ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലേക്ക് പോയത്. ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കും. തെളിവ് നശിപ്പിക്കാനായി കവിത പത്തോളം ഫോണുകള്‍ നശിപ്പിച്ചു എന്ന് ഇ.ഡി നേരത്തെ വാദിച്ചിരുന്നു.
Content Highlights: ‘BJP will be taught a lesson at the right time’: BRS M.L.A’s response on K.Kavitha’s arrest