ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമൂഹിക ഐക്യം ഇല്ലാതാക്കിയത് ബി.ജെ.പിയാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. രാജ്യത്തിനോ ജനങ്ങള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി ബി.ജെ.പിയായിരിക്കുമെന്നും റാവത്ത് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
‘രാജ്യത്ത് എല്ലാം സമാധാനപരമായി മുന്നോട്ടുപോകുകയായിരുന്നു. പക്ഷേ ബി.ജെ.പി വക്താവിന് രണ്ട് മതങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാക്കണം. രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ബി.ജെ.പിയാണ്,’ റാവത്ത് പറഞ്ഞു.
പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിനെതിരെ മുംബൈ, ഗുജറാത്ത്, യു.പി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന അല്‍-ഖ്വയിദയുടെ ഭീഷണിക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
‘കാവിയുടെ ഭീകരര്‍ ദല്‍ഹിയിലും, യു.പിയിലും, ഗുജറാത്തിലും, മുംബൈയിലും തങ്ങളുടെ അന്ത്യത്തിനായി കാത്തിരുന്നോളൂ’ എന്നായിരുന്നു അല്‍-ഖ്വായിദ പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഭീഷണിയ്ക്ക് പിന്നാലെ ഈ പ്രദേശങ്ങളിലെ വിമാനത്താവളങ്ങള്‍, മെട്രോ, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ട അധികാരികള്‍ വ്യക്തമാക്കിയിരുന്നു.
ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ചര്‍ച്ചയുടെ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നുപുറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ അതൃപ്തിയറിച്ച് സൗദി, ഒമാന്‍, ഖത്തര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
വിവിധയിടങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി ഇവരെ പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ നടപടിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നിലപാട് പറഞ്ഞതിന് എന്തിനാണ് നുപുര്‍ ശര്‍മയെ പുറത്താക്കിയത് എന്ന ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു.
പ്രതിഷേധം ശക്തമായതോടെ നുപുര്‍ ശര്‍മയെ മഹാരാഷ്ട്ര പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 22ന് നേരിട്ട് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം.