ന്യൂദല്‍ഹി: പൗരത്വ നിയമം ആദ്യം ബംഗാളില്‍ നടപ്പാക്കുമെന്നും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും പ്രാബല്യത്തില്‍ വരുത്തുവാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അസം മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് ഈസ്റ്റ് 2021 ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊവിഡ് വാക്‌സിനേഷന്‍ ശേഷം രാജ്യത്ത് പൗരത്വനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹിമന്തിന്റെ പരാമര്‍ശം.
പാര്‍ട്ടിയുടെ നിലപാടില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കില്ല. ഈ നിയമം നടപ്പാക്കാന്‍ ബി.ജെ.പി ഒരുങ്ങിക്കഴിഞ്ഞു. രാജ്യമൊട്ടാകെ പൗരത്വ നിയമം നടപ്പാക്കും. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും പരാജയപ്പെട്ടാലും നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടുപോകില്ല. പാകിസ്താനിലേയും ബംഗ്ലാദേശിലേയും ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും രക്ഷിക്കണം, ഹിമന്ത് പറഞ്ഞു.
കൊവിഡ് വാക്സിന്‍ വിതരണത്തിന് ശേഷം രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
പൗരത്വ നിയമത്തെക്കുറിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു. പൗരത്വ നിയമം മുസ്‌ലീങ്ങള്‍ക്കെതിരല്ല. ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ പൗരത്വ നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ല’, ഷാ പറഞ്ഞു
പാര്‍ലമെന്റില്‍ പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ മമതയ്ക്ക് എങ്ങനെയാണ് സാധിക്കുകയെന്നും ഷാ ചോദിച്ചു. നേരത്തെ പൗരത്വ നിയമത്തിനെതിരെ ബംഗാളില്‍ പ്രമേയം പാസാക്കിയിരുന്നു.
കേരളം, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിയ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ജയിലിലടക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക