ബി.ജെ.പി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് മിനുട്ടുകള്‍ മാത്രമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
national news
ബി.ജെ.പി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് മിനുട്ടുകള്‍ മാത്രമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2019, 8:12 am

ന്യൂദല്‍ഹി: ബി.ജെ.പി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് മിനുട്ടുകള്‍ മാത്രമാണെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഏതാനും മിനുട്ടുകള്‍ മാത്രമാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്നും വെബ്‌സൈറ്റിന്റെ അറ്റകുറ്റ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ്.

കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പി വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമാണ്. സാധാരണ നിലയില്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ മണിക്കൂറുകള്‍ കൊണ്ട് തിരിച്ചെടുക്കാമെന്നിരിക്കെ നല്ല കനപ്പെട്ട ആക്രമണമാണ് ബി.ജെ.പി വെബ്‌സൈറ്റിന് നേരെ ഉണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വെബ്‌സൈറ്റ് എപ്പോള്‍ തിരിച്ചു കൊണ്ടുവരാനാകുമെന്ന് രവിശങ്കര്‍ പ്രസാദിനും പറയാന്‍ സാധിച്ചിട്ടില്ല. ഇതാദ്യമായാണ് തങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ബി.ജെ.പി സമ്മതിക്കുന്നത്. ഹാക്കിങ് ഉണ്ടായിട്ടില്ലെന്നാണ് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നത്.

മാര്‍ച്ച് അഞ്ചിനാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. നരേന്ദ്രമോദിയെ പരിഹസിക്കുന്ന രീതിയിലുള്ള ചില ദൃശ്യങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും പേജില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
ജര്‍മന്‍ ചാന്‍സ്‌ലര്‍ ആഞ്ചെല മെര്‍ക്കലിന് നേരെ മോദി ഹസ്തദാനത്തിനായി കൈനീട്ടിയപ്പോള്‍ അവര്‍ കൈ നല്‍കാതിരുന്ന ചിത്രം സഹിതമാണ് മോദിക്കെതിരായ പരിഹാസം.

സഹോദരീ സഹോദരന്‍മാരേ.. ഞാന്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരുന്നു… ഞങ്ങള്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരിക്കുന്നു.. കൂടുതല്‍ വരാനിരിക്കുന്നേയുള്ളൂ.. അഭിനന്ദനങ്ങള്‍.. മോദിയുടെ ചിത്രത്തിന് താഴെ ഇങ്ങനെയായിരുന്നു കുറിച്ചത്.