'ഈസ്റ്റ് കമ്പനി ഭരണം ഇന്ത്യയില്‍ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്'; അഖിലേഷ് യാദവ്
national news
'ഈസ്റ്റ് കമ്പനി ഭരണം ഇന്ത്യയില്‍ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്'; അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th March 2021, 10:38 pm

ലക്‌നൗ: ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം ഇന്ത്യയില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കര്‍ഷക സമരം നൂറ് ദിവസം പിന്നിട്ട പശ്ചാത്തലത്തിലായിരുന്നു അഖിലേഷിന്റെ പ്രതികരണം.

‘കര്‍ഷകരുടെ വരുമാനം ഇരട്ടിയാകില്ലെന്ന കാര്യം ഉറപ്പാണ്. ഇതുവരെ അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം വരെ ഇല്ലാതാകും. ബ്രിട്ടീഷുകാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഉപയോഗിച്ച് ഇന്ത്യയില്‍ കമ്പനി ഭരണം നടപ്പിലാക്കിയ പോലെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിലവിലെ ഭരണം’, അഖിലേഷ് പറഞ്ഞു.

ആയിരക്കണക്കിന് കര്‍ഷകര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നയിക്കുമ്പോള്‍ ആ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ നിയമം നടപ്പാക്കുമെന്ന വാശിയിലാണെന്നും അഖിലേഷ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ 100-ാം ദിവസമായ മാര്‍ച്ച് ആറ് കരിദിനമായി ആചരിക്കാന്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു.

2020 സെപ്റ്റംബര്‍ 17 നാണ് കാര്‍ഷിക നിയമങ്ങള്‍ ലോക് സഭയില്‍ പാസാക്കിയത്.

പിന്നാലെ സെപ്റ്റംബര്‍ 20 ന് രാജ്യസഭയിലും ബില്‍ പാസാക്കി. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്‌മെന്റ്) ബില്‍ എന്നീ ബില്ലുകളാണ് പാസാക്കിയത്.

ഇതിന് പിന്നാലെ കര്‍ഷകര്‍പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടുരുമെന്ന് കര്‍ഷകര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: BJP wants to impose ‘company rule’ in India Akhillesh Yadav