കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നു; ശിവരാജ് കുമാറിന്റെ സിനിമകള്‍ നിരോധിക്കണമെന്ന് ബി.ജെ.പി
national news
കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നു; ശിവരാജ് കുമാറിന്റെ സിനിമകള്‍ നിരോധിക്കണമെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2024, 7:54 am

ബെംഗളൂരു: തെരഞ്ഞെടുപ്പ് കഴിയും വരെ കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ശിവരാജ് കുമാറിന്റെ പങ്കാളി ഗീത ശിവകുമാര്‍ കര്‍ണാടകയിലെ ശിമോഗയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

ഗീത ശിവകുമാറിന്റെയും മറ്റു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിള്‍ ശിവരാജ് കുമാര്‍ പങ്കെടുക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ സിനിമകള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് ജനങ്ങളില്‍ സ്വാധിനമുണ്ടാക്കുമെന്നുമാണ് ബി.ജെ.പി പറയുന്നത്. ശിമോഗയിലെ ഭദ്രാവതി താലൂക്കില്‍ മാര്‍ച്ച് 20ന് സംഘടിപ്പിച്ച ഗീത ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശിവരാജ് കുമാര്‍ പങ്കെടുത്തിരുന്നു.

ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ രഘു കൗടില്യയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സിനിമകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. സിനിമകള്‍ മാത്രമല്ല, ശിവരാജ് കുമാറിന്റെ പരസ്യങ്ങളും ബോര്‍ഡുകളുമെല്ലാം തെരഞ്ഞെടുപ്പ് കഴിയും വരെ നിരോധിക്കണമെന്നാണ് ബി.ജെ.പി ആവശ്യം. ഇത് സംബന്ധിച്ച് സിനിമ തിയേറ്ററുകള്‍, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ടി.വി ചാനലുകള്‍ തുടങ്ങിയവക്ക് നിര്‍ദേശം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

ജെ.ഡി.എസും സമാന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരു പ്രത്യേക പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തികളെ സ്‌ക്രീനുകളിലോ ദൃശ്യ മാധ്യമങ്ങളിലോ പ്രദര്‍ശിപ്പിക്കരുതെന്ന് ജെ.ഡി.എസ് ദേശീയ വാക്താവ് തന്‍വീര്‍ അഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും ശിവരാജ് കുമാര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ മാത്രമേ ഈ രീതിയില്‍ വാണിജ്യ പ്രദര്‍ശനങ്ങളില്‍ നിന്നും ദൂരദര്‍ശന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ മാധ്യമങ്ങളിലെ പ്രദര്‍ശനങ്ങളില്‍ നിന്നും തടയാന്‍ കഴിയൂ എന്നാണ് ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

content highlights: BJP wants Shivraj Kumar’s films to be banned