ചെന്നൈ: തമിഴ്‌നാട്ടില്‍ വി.കെ ശശികലയെ കൂടെ നിര്‍ത്തണമെന്ന ബി.ജെ.പി നിലപാടില്‍ എ.ഐ.ഡി.എം.കെയും ബി.ജെ.പിയും തമ്മില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശശികലയുടെ അനന്തരവനായ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയെ കൂടെ കൂട്ടണമെന്നാണ് ബി.ജെ.പി എ.ഐ.എ.ഡി.എം.കെയോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എ.എം.എം.കെയുടെ സാന്നിധ്യത്തിലൂടെ മാത്രമാണ് തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ബി.ജെ.പി വിലയിരുത്തുന്നത് എന്നാണ് അമിത് ഷാ മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസാമിയുമായുള്ള യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ദിനകരന്റെ പാര്‍ട്ടിയുമായോ ശശികലയുമായോ ഒരു തരത്തിലുള്ള നീക്കുപോക്കിനും സാധിക്കില്ലെന്നാണ് എ.ഐ.എ.ഡി.എം.കെയും നിലപാട്.
ഇതിനിടെ ശശികലയെ ബി.ജെ.പിയുടെ കൂടെ കൂട്ടണമെന്ന നിലപാടുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്ത് വന്നു.
ശശികല ജയിലിലായിരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം മാറിമറഞ്ഞുവെന്നും ദിനകരനെയും ശശികലയേയും കൂടെകൂട്ടാതെ തന്നെ വിജയിക്കാനാകും എന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ബി.ജെ.പിയെ അറിയിച്ചിരിക്കുന്നത്.
പക്ഷേ ശശികലയെ മാറ്റിനിര്‍ത്തുന്നത് ഡി.എം.കെയ്ക്ക് ഗുണം ചെയ്യുമെന്നാണ് അമിത് ഷാ മുന്നറിയിപ്പ് നല്‍കുന്നത്. ഈഗോയില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ പ്രായോഗികമായി ചിന്തിച്ച് സീറ്റ് വിഭജനത്തിലുള്‍പ്പെടെ ധാരണയിലെത്തണമെന്നാണ് അമിത് ഷാ എ.ഐ.എ.ഡി.എം.കെയോട് ആവശ്യപ്പെടുന്നത്.
എന്നാല്‍ ശശികലയുമായി ഒരു ധാരണ അപ്രായോഗികമാണെന്ന് പളിനിസാമിയും പറഞ്ഞു. ശശികലയുമായി ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ശശികല വിഷയത്തില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ബി.ജെ.പിയോട് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിക്ക് എ.ഐ.എ.ഡി.എം.കെയുടെ പിന്തുണ അനിവാര്യവുമാണ്. ദിനകരന്റെ പാര്‍ട്ടിയുമായി ബി.ജെ.പി ധാരണയിലെത്തിയാല്‍ ഡി.എം.കെയ്ക്കും ഇത് വെല്ലുവിളിയാകും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP Wants Sasikala In Tamil Nadu. But AIADMK Demurs