| Friday, 24th May 2019, 9:24 am

വടകരയില്‍ ബി.ജെ.പിയുടെ വോട്ടിങ് ശതമാനത്തില്‍ കുറവ്: പേരാമ്പ്രയില്‍ ബി.ഡി.ജെ.എസ് മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടുപോലും ലഭിച്ചില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: വടകര മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് വലിയ തോതില്‍ ചോര്‍ന്നെന്ന് കണക്കുകള്‍. ആകെയുള്ള ഏഴ് നിയോജക മണ്ഡലത്തില്‍ നാലിടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന് കിട്ടിയ വോട്ട് നാലക്കത്തില്‍ ഒതുങ്ങി.

വി.കെ സജീവന്‍ വടകര മണ്ഡലത്തില്‍ ഇത്തവണ 80128 വോട്ടുകളാണ് സജീവന്‍ നേടിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്പോള്‍ വെറും 3815 വോട്ടുകള്‍ മാത്രമാണ് സജീവന് അധികം ലഭിച്ചത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 76,313 വോട്ടുകളാണ് വി.കെ സജീവന്‍ നേടിയത്. ആകെ വോട്ടിന്റെ 7.96% ആണിത്. അതിനു മുമ്പ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കെ.പി ശ്രീശന്‍ നേടിയ വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍മുന്നേറ്റമുണ്ടാക്കാനും സജീവന് 2014ല്‍ സാധിച്ചിരുന്നു. 40391 വോട്ടുകളാണ് ശ്രീശന്‍ നേടിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബി.ഡി.ജെ.എസ് നേതാവ് നേടിയ വോട്ടുപോലും ഇത്തവണ മണ്ഡലത്തില്‍ ബി.ജെ.പിക്ക് ലഭിച്ചിട്ടില്ല. തലശേരിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിനേക്കാള്‍ 8669 വോട്ട് കുറവാണ് വി.കെ സജീവന് ലഭിച്ചത്. ബി.ജെ.പി സ്വാധീനമുള്ള കൊയിലാണ്ടിയിലും പ്രതീക്ഷച്ചത്ര വോട്ടു നേടാന്‍ എന്‍.ഡി.എയ്ക്കു കഴിഞ്ഞിട്ടില്ല.

വടകരയില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയിട്ടുണ്ടാകാമെന്ന് ഫലം പുറത്തുവരുന്നതിനു മുമ്പു തന്നെ വി.കെ സജീവന്‍ പറഞ്ഞിരുന്നു. അതിനെ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലം.

വടകരയില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് മറിക്കുമെന്ന ധാരണയുണ്ടെന്ന് എല്‍.ഡി.എഫ് ആരോപിച്ചിരുന്നു. വോട്ടെടുപ്പിന് വടകരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ സജീവന്റെ ബൂത്തില്‍വരെ ബി.ജെ.പിക്ക് ഏജന്റുമാരുണ്ടായിരുന്നില്ലയെന്നത് ഈ ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു.

We use cookies to give you the best possible experience. Learn more