തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി. സംസ്ഥാന ഉപാദ്ധ്യക്ഷനായ ബി.ടി അരസകുമാര്‍ പാര്‍ട്ടി വിട്ട് ഡി.എം.കെയില്‍ ചേര്‍ന്നു. ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തിയാണ് അരസകുമാര്‍ ഡി.എം.കെ അംഗത്വം സ്വീകരിച്ചത്.
ഡിസംബര്‍ 1ന് എം.കെ സ്റ്റാലിനെ പുകഴ്ത്തി അരസകുമാര്‍ സംസാരിച്ചിരുന്നു. സ്റ്റാലിന് മുഖ്യമന്ത്രിയാവണമെങ്കില്‍ അത് ഏത് രാത്രി വേണമെങ്കിലും സംഭവിക്കാമായിരുന്നു.
എം.ജി.ആറിന് ശേഷം സ്റ്റാലിനെ പോലൊരു നേതാവിനെയാണ് താന്‍ കാത്തിരുന്നത്. എന്നാല്‍ സ്റ്റാലിന്‍ അതിന് മുതിര്‍ന്നിട്ടില്ല. കൃത്യമായ സമയം വരും. അപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹമെത്തും എന്നായിരുന്നു അരസകുമാര്‍ പറഞ്ഞത്. ഡി.എം.കെ എം.എല്‍.എ പെരിയണ്ണന്‍ അരസിന്റെ ബന്ധുവിന്റെ വിവാഹവേദിയില്‍ വെച്ചായിരുന്നു അരസകുമാറിന്റെ പുകഴ്ത്തല്‍.
അരസകുമാറിന്റെ വാക്കുകള്‍ വിവാദമായതിനെ തുടര്‍ന്ന് ബിജെ.പി കേന്ദ്രനേതൃത്വം അരസകുമാറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. അടുത്ത മുഖ്യമന്ത്രി സ്റ്റാലിനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് അരസകുമാര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ ശരിയായ സമയത്ത് സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുമെന്ന് താന്‍ പറഞ്ഞതായും അരസകുമാര്‍ കേന്ദ്ര നേതൃത്വത്തോട് പറഞ്ഞിരുന്നു.
ഡി.എം.കെ എന്റെ മാതൃസംഘടനയാണ്. അത് കൊണ്ടാണ് ഞാന്‍ അതില്‍ ചേര്‍ന്നത്. കഴിഞ്ഞ 20 വര്‍ഷമായി എനിക്ക് എം.കെ സ്റ്റാലിനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം എനിക്കൊരവസരം നല്‍കി. ഞാനത് സ്വീകരിച്ചുവെന്ന് അരസകുമാര്‍ ഡി.എം.കെ പ്രവേശനത്തെ കുറിച്ച് പ്രതികരിച്ചു.
ബി.ജെ.പിയില്‍ എന്റെ ആത്മാഭിമാനം നശിച്ചു. യാതൊരു അച്ചടക്കവുമില്ലാത്ത നേതാക്കളാണ് ബി.ജെ.പിയിലുള്ളത്. അവര്‍ മോശം പദപ്രയോഗങ്ങളാണ് നടത്തുന്നതെന്നും അരസകുമാര്‍ പറഞ്ഞു.