| Saturday, 6th November 2021, 11:08 am

ഇന്ത്യയില്‍ പൊതുനിരത്തില്‍ നിസ്‌കരിക്കേണ്ടവര്‍ക്ക് പാകിസ്ഥാനിലേയ്ക്ക് പോവാമെന്ന് സുരേന്ദ്ര ജെയ്ന്‍; ഗുഡ്ഗാവില്‍ നിസ്‌കാര സ്ഥലത്ത് ഗോവര്‍ധന പൂജ നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിന് തടസം സൃഷ്ടിച്ചെന്ന പേരില്‍ വലതുപക്ഷ പ്രവര്‍ത്തകരായ 26 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, 22 പ്രാദേശിക വലതുപക്ഷ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച അതേ സ്ഥലത്ത് ഗോവര്‍ധന പൂജ നടത്തി.

സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി നടത്തിയ പരിപാടിയില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര, വിശ്വ ഹിന്ദു പരിഷത്തിന്റെ ഇന്റര്‍നാഷനല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍, ഹരിയാനയിലെ ബി.ജെ.പി നേതാവ് സൂരജ് പല്‍ അമു എന്നിവര്‍ പങ്കെടുത്തു.

ഷഹീന്‍ബാഗ് സമരത്തെ വിമര്‍ശിച്ച് കപില്‍ മിശ്ര ഗുഡ്ഗാവില്‍ നടക്കുന്ന നിസ്‌കാരങ്ങള്‍ റോഡ് തടസപ്പെടുത്തിയുള്ളതാണെന്നും ആരോപിച്ചു.

”രാഷ്ട്രീയത്തിന് വേണ്ടി റോഡ് ഉപയോഗിക്കരുത്. ഷഹീന്‍ബാഗില്‍ അത് കണ്ടതാണ്. റോഡുകള്‍ ബ്ലോക്ക് ചെയ്ത് അവരവിടെ തമാശ സൃഷ്ടിക്കുകയായിരുന്നു. എന്നിട്ട് എന്തുണ്ടായി? പൗരത്വ നിയമം പിന്‍വലിച്ചോ?

നമ്മുടെ ശരീരത്തില്‍ നാഡികളും ഞരമ്പുകളും തടസപ്പെട്ടാല്‍ ശരീരത്തിന്റെ ചലനം തന്നെ നിലയ്ക്കും. അതുപോലെ റോഡുകള്‍ ബ്ലോക്ക് ചെയ്താല്‍ ഈ നഗരവും രാജ്യവും തന്നെ നിന്ന് പോകും,” പൂജയില്‍ പങ്കെടുത്ത് കപില്‍ മിശ്ര പറഞ്ഞു.

സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി നിസ്‌കാരത്തെ തടഞ്ഞതിനെ അയാള്‍ ന്യായീകരിക്കുകയും ചെയ്തു. തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നാണ് ഗുഡ്ഗാവിലെ ജനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ഇത് രാജ്യത്തിന് മാതൃകയാണെന്നുമാണ് മിശ്ര പറഞ്ഞത്.

വരുന്ന മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ ഒരു പൊതുനിരത്തിലും നിസ്‌കാരം നടക്കില്ലെന്നും അയാള്‍ പറഞ്ഞു. അധികൃതര്‍ അനുവദിച്ച് നല്‍കിയ 37 ഇടങ്ങളിലാണ് നിസ്‌കാരം നടത്തുന്നതെന്ന വാദം തെറ്റാണെന്നും അത് നിയമവിരുദ്ധമാണെന്നും പറഞ്ഞ മിശ്ര വഖഫ് ബോര്‍ഡിന് ഒരുപാട് സ്ഥലമുണ്ടല്ലോ, അവിടെ നിസ്‌കാരത്തിന് വേണ്ട സൗകര്യമുണ്ടാക്കട്ടെയെന്നും പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ നേരത്തെ കൊലവിളി നടത്തിയിട്ടുള്ളയാളാണ് കപില്‍ മിശ്ര.

വെള്ളിയാഴ്ച നിസ്‌കാരത്തിന് തടസം സൃഷ്ടിച്ചതിന് അറസ്റ്റിലായ വലതുപക്ഷ പ്രവര്‍ത്തകരായ 26 പേരെ ‘ധര്‍മ യോദ്ധാക്കള്‍’ എന്നായിരുന്നു വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയ്ന്‍ വിശേഷിപ്പിച്ചത്. രാജ്യത്ത് പൊതുനിരത്തുകളില്‍ നിസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യ രണ്ടാമത് പാകിസ്ഥാന്‍ ആവില്ലെന്നും അയാള്‍ പറഞ്ഞു.

”പൊതുനിരത്തില്‍ നിസ്‌കരിക്കേണ്ടവര്‍ക്ക് പാകിസ്ഥാനിലേയ്ക്ക് പോവാം. റോഡ് ബ്ലോക്ക് ചെയ്യുന്നത് ഹിന്ദുക്കള്‍ക്കും നിയമത്തിനും രാജ്യത്തിനുമെതിരായ ജിഹാദാണ്. അത് ഭീകരവാദമാണ്,” സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.

ഗുഡ്ഗാവില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നടക്കുന്ന സ്ഥലത്ത് 11 മണി മുതല്‍ ഗോവര്‍ധന്‍ പൂജ നടത്തുമെന്ന് ഹിന്ദുത്വ സംഘടനയായ സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി നേരത്തെ പറഞ്ഞിരുന്നു.

തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഇവിടെ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍, ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ച് നിസ്‌കാരം തടസപ്പെടുത്തുകയായിരുന്നു.

എന്നാല്‍, അധികൃതര്‍ അനുവദിച്ച് നല്‍കിയ 37 ഇടങ്ങളിലാണ് നിസ്‌കാരം നടത്തുന്നത്. ഇതില്‍ എട്ട് സ്ഥലങ്ങളിലെ അനുമതി ഗുഡ്ഗാവ് അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: BJP, VHP leaders conduct Govardhan puja at Namaz site

We use cookies to give you the best possible experience. Learn more