വെട്രിവേല്‍ യാത്ര തടഞ്ഞ് പൊലീസ്; ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍
national news
വെട്രിവേല്‍ യാത്ര തടഞ്ഞ് പൊലീസ്; ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th November 2020, 3:09 pm

ചെന്നൈ: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ ബി.ജെ.പിയുടെ വെട്രിവേല്‍ യാത്ര തമിഴ്‌നാട് പൊലീസ് തടഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാക്കളായ എച്ച്.രാജ, സി.ടി രവി, പൊന്‍ രാധാകൃഷ്ണന്‍ എന്നിവടരക്കം നൂറോളം ബി.ജെ.പി പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊവിഡ് മഹാമാരി കാലത്ത് അനുമതിയില്ലാതെ യാത്ര നടത്തിയതിനാണ് മുരുകനെയും ബി.ജെ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്രിവേല്‍ യാത്ര തടഞ്ഞ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം യാത്രയ്ക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഖ്യകക്ഷികളായ എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി പോര് ഭിന്നത മറ നീക്കി പുറത്തുവരുകയാണ്. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയാണ് യാത്ര നടത്താന്‍ ബി.ജെ.പി ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കെ യാത്ര അനുവദിക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. മാത്രമല്ല യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികവും.

ഇത് സംഘര്‍ഷത്തിനിടയാക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ എം.ജി.ആറിന്റെ ചിത്രം ഉപയോഗിക്കരുതെന്ന് എ.ഐ.എ.ഡി.എം.കെ, ബി.ജെ.പിയോട് പറഞ്ഞിരുന്നു.

സഖ്യത്തില്‍ അറുപത് സീറ്റില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരുക വിശ്വാസികളെ ലക്ഷ്യമിട്ടുള്ള യാത്രയും ബി.ജെ.പി സംഘടിപ്പിച്ചത്.

തമിഴ്നാട്ടിലെ ഹിന്ദുമത വിശ്വാസികളില്‍ വലിയ വിഭാഗവും പ്രധാനമായി പൂജിക്കുന്നതും വിശ്വസിക്കുന്നതും മുരുകനെയാണ്. മുരുകന്റെ ആയുധമാണ് വേല്‍. ആ വേലിനെ ഉയര്‍ത്തിക്കാട്ടി, വേലിനെയും മുരുകനെയും സംരക്ഷിക്കാനാണ് യാത്രയെന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നത്.

”നിങ്ങള്‍ കേരളത്തില്‍ എങ്ങനെയാണോ അയ്യപ്പസ്വാമിയെ കാണുന്നത് അതേ പോലെയാണ് ഇവിടെ മുരുകന്‍. ആ മുരുകനെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അത് ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും.”- എന്നായിരുന്നു ബി.ജെ.പി നേതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നത്.

യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കളേയും യാത്രയുടെ പലഘട്ടങ്ങളിലായി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Vetrivel Yatra Tamilnadu Police Block