| Friday, 6th November 2020, 10:18 am

തമിഴ്‌നാട്ടില്‍ എന്‍.ഡി.എയില്‍ വിള്ളല്‍? സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും വെട്രിവേല്‍ യാത്രയുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും വെട്രിവേല്‍ യാത്ര ആരംഭിച്ച് ബി.ജെ.പി. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം യാത്രയ്ക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഖ്യകക്ഷികളായ എ.ഐ.എ.ഡി.എം.കെ- ബി.ജെ.പി പോര് ഭിന്നത മറ നീക്കി പുറത്തുവരുകയാണ്. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയാണ് യാത്ര നടത്താന്‍ ബി.ജെ.പി ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കെ യാത്ര അനുവദിക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. മാത്രമല്ല യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികവും.

ഇത് സംഘര്‍ഷത്തിനിടയാക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ എം.ജി.ആറിന്റെ ചിത്രം ഉപയോഗിക്കരുതെന്ന് എ.ഐ.എ.ഡി.എം.കെ, ബി.ജെ.പിയോട് പറഞ്ഞിരുന്നു.

സഖ്യത്തില്‍ അറുപത് സീറ്റില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരുക വിശ്വാസികളെ ലക്ഷ്യമിട്ടുള്ള യാത്രയും ബി.ജെ.പി സംഘടിപ്പിച്ചത്.

തമിഴ്നാട്ടിലെ ഹിന്ദുമത വിശ്വാസികളില്‍ വലിയ വിഭാഗവും പ്രധാനമായി പൂജിക്കുന്നതും വിശ്വസിക്കുന്നതും മുരുകനെയാണ്. മുരുകന്റെ ആയുധമാണ് വേല്‍. ആ വേലിനെ ഉയര്‍ത്തിക്കാട്ടി, വേലിനെയും മുരുകനെയും സംരക്ഷിക്കാനാണ് യാത്രയെന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നത്

”നിങ്ങള്‍ കേരളത്തില്‍ എങ്ങനെയാണോ അയ്യപ്പസ്വാമിയെ കാണുന്നത് അതേ പോലെയാണ് ഇവിടെ മുരുകന്‍. ആ മുരുകനെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അത് ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും.”- എന്നായിരുന്നു ബി.ജെ.പി നേതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നത്.

യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കളേയും യാത്രയുടെ പലഘട്ടങ്ങളിലായി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Vetrivel Yatra Tamilnadu AIADMK

We use cookies to give you the best possible experience. Learn more