ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ 2863 വോട്ടിന് മാത്രമായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ പിന്നിലായത്. 2014ല്‍ മണ്ഡലത്തില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
ഈ മണ്ഡലത്തെ ബി.ജെ.പിക്ക് കേരളത്തില്‍ വിജയസാധ്യതയേറിയ മണ്ഡലമായിട്ടിരുന്നു ഇത് വരെ വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിന്റെ കണക്കൂകൂട്ടല്‍ നേരേ മറിച്ചാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ 50,709 വോട്ട് നേടിയ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ 26000 വോട്ട് മാത്രമേ ലഭിക്കുകയുള്ളൂ എന്ന കണക്കൂകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം.
ആര്‍.എസ്.എസും ബി.ഡി.ജെ.എസും പ്രചപരണ രംഗത്തില്ലാത്തത് തിരിച്ചടിയാവുമെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നുമാണ് വിലയിരുത്തല്‍. അതിനാല്‍ 30000 വോട്ടെങ്കിലും നേടി പാര്‍ട്ടിയുടെ മുഖം മോശമാവാതെ നോക്കണമെന്നുമാണ് കീഴ്ഘടകങ്ങളിലേക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
വിജയദശമിക്ക് ശേഷം സജീവമാകുമെന്ന് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്ന ആര്‍.എസ്.എസ് ഇപ്പോഴും മണ്ഡലത്തില്‍ സജീവമായിട്ടില്ല. കുമ്മനത്തിന് വേണ്ടി വാദിച്ചിരുന്ന ആര്‍.എസ്.എസിനെ തള്ളി എസ്. സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് വിട്ടുനില്‍ക്കലിന് കാരണം.
വിജയപ്രതീക്ഷയുണ്ടെന്ന് ബി.ജെ.പി പറയുമ്പോഴും പ്രചരണത്തില്‍ ഇപ്പോഴും ഉണരാത്ത അവസ്ഥയാണ് മണ്ഡലത്തില്‍ ഉള്ളത്. കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ ബി.ജെ.പിയിലെ ഒരു വിഭാഗം അണികള്‍ക്കും പ്രതിഷേധമുള്ളത് കൊണ്ടാണ് ഇത് എന്നും നിരീക്ഷകര്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ