പട്ടേലിനെ മാറ്റി ജിന്നയുടെ പ്രതിമ സ്ഥാപിക്കുന്നതും കലാപമുണ്ടാക്കുന്നതുമാണോ അഖിലേഷിന്റെ മാറ്റം? ബി.ജെ.പി ഭരണത്തില്‍ ആളുകള്‍ക്ക് സമാധാനമെന്ന് സ്വതന്ത്ര ദേവ് സിംഗ്
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്.
ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ ആളുകള്‍ സമാധാനത്തോടെയും ഐക്യത്തോടെയുമാണ് ജീവിക്കുന്നതെന്നും സമാജ്‌വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവിന് വേണ്ടത് കലാപമാണെന്നുമാണ് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞത്.
”പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയും രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുമാണ് ബി.ജെ.പിയുടെ ആളുകള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബരാഷ്ട്രീയത്തിലോ ജാതീയതയിലോ അല്ല മറിച്ച് ദേശീയതയില്‍ മാത്രമാണ് ബി.ജെ.പി വിശ്വസിക്കുന്നത്.
കൊവിഡ് സമയത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കീഴിലുള്ള സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തും,” സ്വതന്ത്ര ദേവ് സിംഗ് എ.എന്‍.ഐയോട് പ്രതികരിച്ചു.
നേരത്തെ, യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഇനി കള്ളങ്ങള്‍ പുറത്താവും, ഇനി യു.പിയില്‍ മാറ്റമുണ്ടാകും. 2022ല്‍ സൈക്കിളുണ്ടാകും’ എന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിനെ ഉദ്ദേശിച്ച് അഖിലേഷ് ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് മറുപടിയായി അഖിലേഷിനെതിരെയും സ്വതന്ത്ര ദേവ് സിംഗ് സംസാരിച്ചു.
”അഖിലേഷിന് വൈദ്യുതി തരാനാവില്ല. ബി.ജെ.പി ഭരണത്തില്‍ 24 മണിക്കൂറും വൈദ്യുതിയുണ്ട്. ഹിന്ദു-മുസ്‌ലിം പൗരന്മാര്‍ സമാധാനത്തോടെ ജീവിക്കുന്നു.
ഇതില്‍ എന്ത് മാറ്റമാണ് അഖിലേഷ് യാദവിന് കൊണ്ടുവരാനുള്ളത്. കലാപമുണ്ടാക്കാനും സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നീക്കം ചെയ്ത് അവിടെ ജിന്നയുടെ പ്രതിമ സ്ഥാപിക്കാനും,”
ഇതിനിടെ ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം.
യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
നാമനിര്‍ദേശപത്രിക ഓണ്‍ലൈന്‍ ആയി നല്‍കാമെന്നും വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
18.43 കോടി വോട്ടര്‍മാരാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലൂം കൂടിയുള്ളത്. ഇതില്‍ 8.55 കോടി വോട്ടര്‍മാര്‍ സ്ത്രീകളാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സ്റ്റേഷനുകളുടെ എണ്ണം പതിനാറ് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.
യു.പിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായും ഉയര്‍ത്തി.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.