| Friday, 1st December 2023, 10:11 am

മുസ്‌ലിങ്ങളെ പൈശാചികവത്കരിക്കാൻ ബി.ജെ.പി ഇസ്രഈൽ - ഗസ യുദ്ധത്തെ ഉപയോഗിക്കുന്നു; വാഷിങ്ടൺ പോസ്റ്റ്‌ ലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇസ്രഈൽ – ഗസ യുദ്ധം മുസ്‌ലിങ്ങളെ പൈശാചികവത്കരിക്കാൻ ബി.ജെ.പി ഉപയോഗിക്കുന്നതായി വാഷിങ്ടൺ പോസ്റ്റിന്റെ ലേഖനം.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിൽ ആക്രമണം നടത്തിയപ്പോൾ മോദിക്ക് മുമ്പുള്ള ഇന്ത്യയുടെ സ്ഥിതിയുമായി ആക്രമണത്തെ താരതമ്യം ചെയ്ത് ബി.ജെ.പി എക്‌സിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

‘ഇപ്പോൾ ഇസ്രഈൽ അനുഭവിക്കുന്നത്, 2004 മുതൽ 2014 വരെ ഇന്ത്യ അനുഭവിച്ചതാണ്. ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല,’ ബി.ജെ.പി പോസ്റ്റിൽ പറയുന്നു.

തുടർന്ന് ഇസ്രഈലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയും ലക്ഷക്കണക്കിന് പോസ്റ്റുകൾ എക്‌സിൽ പ്രത്യക്ഷപ്പെട്ടിരുന്നു എന്നും വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബ് പറയുന്നു

ലോകത്ത് മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ‘ഇസ്‌ലാമിക തീവ്രവാദ’ത്തെ കുറിച്ച് തെറ്റായ വിവരണമാണ് ബി.ജെ.പിയുടെ പോസ്റ്റ്‌ നൽകുന്നതെന്ന് ലേഖനത്തിൽ പറയുന്നു.

ബി.ജെ.പി പോസ്റ്റ്‌ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ സർക്കാർ അനുകൂല വാർത്താ ചാനലുകൾ ഇസ്രഈലിനെതിരെയുള്ള ആക്രമണത്തെ ഇസ്‌ലാമിക് ജിഹാദ് എന്നാരോപിച്ചിരുന്നു. ഇന്ത്യയുടെയും ഇസ്രഈലിന്റെയും പൊതുശത്രു ഇസ്‌ലാമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി രാണ അയ്യൂബിന്റെ ലേഖനത്തിൽ പറയുന്നു.

ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങളെ സംബന്ധിച്ച് ഹമാസ് എന്നാൽ ഫലസ്തീനികൾ മാത്രമല്ല മറിച്ച് ഓരോ മുസ്‌ലിമുമാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

Content Highlight: BJP using Israel-Gaza war to demonize Muslims: Washington Post report

We use cookies to give you the best possible experience. Learn more