കൊല്‍ക്കത്ത: 2002 ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ ചിത്രം ബംഗാള്‍ കലാപത്തിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച് ബി.ജെ.പി നേതാവ്.
ബി.ജെ.പി നേതാവായ നൂപുര്‍ ശര്‍മായാണ് 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ട് കലാപത്തിന് ആഹ്വാനം ചെയ്തത്.
ബംഗാളിനെ രക്ഷിക്കണമെന്നും ഹി്ന്ദുക്കളെ സംരക്ഷിക്കണമെന്നും അതിനായി ദല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ ഒത്തുചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബി.ജെ.പി നേതാവിന്റെ ട്വീറ്റ്.
“”സംസാരിക്കേണ്ടിയിരിക്കുന്നു. കാരണം നമ്മള്‍ വളരെ വൈകിയിരിക്കുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് ജന്തര്‍ മന്ദിറില്‍ ഒത്തുചേരണം”” സേവ് ബംഗാള്‍ സേവ് ഹിന്ദൂസ് എന്ന ഹാഷ് ടാഗോടെയായിരുന്നു 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഇദ്ദേഹം ആവശ്യപ്പെട്ടത്.
ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലിരിക്കേ നടന്ന വര്‍ഗീയകലാപത്തില്‍ ആയിരിക്കണക്കിന് പേരായിരുന്നു കൊല്ലപ്പെട്ടത്. ഗുജറാത്തില്‍ അന്ന് നടന്ന മുസ്ലീം വിരുദ്ധ വംശഹത്യയെക്കുറിച്ച് പല പത്രങ്ങളിലും വെബ് സൈറ്റുകളിലും അന്ന് പ്രസിദ്ധീകരിച്ച പല ലേഖനങ്ങളിലും വാര്‍ത്തകളിലും ഇതേ ഫോട്ടോ കാണാം.
മാത്രമല്ല ഗുജറാത്ത് കലാപം 2002 എന്ന് ഗൂഗിള്‍ സര്‍ച്ച് ചെയ്യുന്ന ഏതൊരാള്‍ക്കും ആദ്യം തന്നെ ലഭിക്കുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് ബി.ജെ.പി നേതാവായ നുപൂര്‍ ശര്‍മ ബംഗാള്‍ കലാപത്തിന്റേതെന്ന പേരില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഈ ചിത്രം
ഇത് മാത്രമല്ല സേവ് ബംഗാള്‍ എന്ന പേരില്‍ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായ സ്വപന്‍ ദാസ് ഗുപത് സംഘടിപ്പിച്ച പരിപാടിയില്‍ കഴിഞ്ഞ ദിവസം ഉപയോഗിച്ചതും 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ഈ ചിത്രം തന്നെയായിരുന്നു.
അതേസമയം വ്യാജ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു. ബംഗാളിനെ മറ്റൊരു ഗുജറാത്താക്കി മാറ്റാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
ബംഗാളില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ ചിത്രം ഷെയര്‍ ചെയ്ത നൂപൂര്‍ ശര്‍മയുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതാണെന്ന് പ്രശസ്ത സംഗീത സംവിധായകനായ വിശാല്‍ ദാദ്‌ലാനിയും പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ബംഗാള്‍ വര്‍ഗീയകലാപത്തിന്റേതതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ രംഗം പ്രചരിപ്പിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചിത്രങ്ങളുടെ യാഥാര്‍ഥ്യം പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ് പോലുള്ള വെബ്‌സൈറ്റുകള്‍ ചിത്രം സിനിമയില്‍ നിന്നെടുത്തതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ചിത്രം 2014ല്‍ പുറത്തിറങ്ങിയ “ഔറത്ത്? ഖിലോന നഹി” എന്ന ഭോജ്പുരി സിനിമയുടെ ഭാഗമാണെന്നും വെബ്‌സൈറ്റകുള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ചിത്രം പങ്കുവെച്ചുകൊണ്ട് ബി.ജെ.പിയുടെ ഹരിയാന യൂണിറ്റിലെ പ്രവര്‍ത്തകന്‍ വിജേത മാലിക്ക് ബംഗാള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.