| Friday, 24th September 2021, 9:00 am

നാര്‍ക്കോട്ടിക് ജിഹാദ് വാദം; ക്രിസ്ത്യന്‍ - മുസ്‌ലിം വിള്ളല്‍ വീഴ്ത്താനും ഇസ്‌ലാമോഫോബിയ ഇളക്കിവിടാനും ബി.ജെ.പി അവസരമാക്കി; പ്രകാശ് കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും സഭ ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം മനസിലാക്കണമെന്നും സി.പി.ഐ.എം മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ട്.

‘കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് അരുത്’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പ്രകാശ് കാരാട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ബിജെപി – ആര്‍എസ്എസ് കൂട്ടുകെട്ട് മുസ്‌ലിങ്ങള്‍ക്കെതിരെ തങ്ങളുടെ നിലപാട് കര്‍ശനമാക്കുമ്പോള്‍ തന്ത്രപരമായി ക്രിസ്ത്യന്‍ പുരോഹിതരെ അവരുടെ ഭാഗത്തേക്ക് അണിനിരത്താന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്നും കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാ സഭ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കണമെന്നും പ്രകാശ് കാരാട്ട് ലേഖനത്തില്‍ പറഞ്ഞു.

ജനസംഖ്യയുടെ 45 ശതമാനംവരുന്ന മുസ്‌ലിങ്ങളും ക്രൈസ്തവരും ഉള്‍ക്കൊള്ളുന്ന സവിശേഷമായ ഒരു സാമൂഹ്യഘടനയാണ് കേരളത്തിന്റേത്. മൂന്ന് മതസമൂഹങ്ങളും കേരളത്തിന്റെ സാമൂഹ്യഘടനയില്‍ ഇഴചേര്‍ന്ന് പരസ്പരം യോജിച്ചുനിലനില്‍ക്കുന്നു എന്നതും പ്രത്യേകതയാണ്. ഈ പ്രമുഖ മതവിഭാഗങ്ങളുടെയെല്ലാം സാമൂഹ്യ, -സാംസ്‌കാരിക സവിശേഷതകളെ മലയാളി സ്വത്വമായി സ്വാംശീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ശക്തമായ മതനിരപേക്ഷ പാരമ്പര്യം നിലനിര്‍ത്താന്‍ ഇടതുപക്ഷം വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സമീപ വര്‍ഷങ്ങളില്‍, ഹിന്ദുത്വത്തിന്റെ മുന്നേറ്റമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബി.ജെ.പി-യും ആര്‍.എസ്.എസും, യോജിപ്പോടെയുള്ള സഹവര്‍ത്തിത്വത്തിലും ഇടപെടലുകളിലും വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കത്തോലിക്കാ സഭയുടെ ഭാഗമായ സിറോ മലബാര്‍ സഭയുടെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തെ കാണേണ്ടത്. കോട്ടയം ജില്ലയിലെ ഒരു പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍, മുസ്‌ലിം തീവ്രവാദികള്‍ നടത്തുന്ന ലവ് ജിഹാദ്, മയക്കുമരുന്ന് ജിഹാദ് എന്നിവയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പുനല്‍കി. കത്തോലിക്കാ സഭ നേരത്തെ ലവ് ജിഹാദ് വാദം ഉയര്‍ത്തിയിരുന്നെങ്കിലും, ‘നര്‍കോട്ടിക് ജിഹാദിന്റെ’ ഭീഷണി പുതിയതാണ്. ജിഹാദികള്‍ അമുസ്‌ലിങ്ങളെ നശിപ്പിക്കാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് ബിഷപ്പ് അഭിപ്രായപ്പെട്ടത്. ഈ ആരോപണം സ്വാഭാവികമായും കേരളസമൂഹത്തില്‍ ആശങ്കയും സംശയവും ഉളവാക്കിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഏതെങ്കിലും തീവ്രവാദ മതസംഘടനകള്‍ക്കുമേല്‍ ഇത് ചുമത്തുന്നത് തികച്ചും തെറ്റാണ്. അത്തരത്തിലൊരു ബന്ധത്തിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. ”ഒരു മതവും അത്തരം മയക്കുമരുന്നുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്റെ നിറം സാമൂഹ്യവിരുദ്ധമാണ്, സാമൂഹ്യതിന്മകള്‍ക്ക് മതപരമായ നിറംനല്‍കരുത്” എന്നും മുഖ്യമന്ത്രി പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ജിഹാദികളുടെ ഗൂഢാലോചന’ എന്ന വാദം രാഷ്ട്രീയവൃത്തങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍, ബിഷപ്പിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി മുന്നോട്ടുവന്നു. ജിഹാദികളുടെ പ്രവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനും ഇസ്‌ലാമോഫോബിയ ഇളക്കിവിടാനും ബി.ജെ.പി ഇതിനെ നല്ല അവസരമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ലവ് ജിഹാദിനെക്കുറിച്ചുള്ള മുഴുവന്‍ ചര്‍ച്ചയിലെയും മറ്റൊരു വിചിത്രമായ വശം, വിവിധ മത, ജാതി സംഘടനകളുടെ നേതാക്കള്‍ ‘ഞങ്ങളുടെ സ്ത്രീകള്‍’, ‘ഞങ്ങളുടെ പെണ്‍കുട്ടികള്‍’ എന്നിങ്ങനെ സംസാരിക്കുന്നു. ഇത് അവരുടെ ഗോത്രാധിപത്യവും സ്ത്രീകളുടെ ഉടമസ്ഥരാണ് ഞങ്ങള്‍ എന്ന സമീപനവുമാണ് വ്യക്തമാക്കുന്നത്. പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളും തെരഞ്ഞെടുപ്പുകളും ഉണ്ടായിരിക്കാം. ഇത് പരോക്ഷമായി നിഷേധിക്കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പി,  ആര്‍.എസ്.എസ് കൂട്ടുകെട്ട് മുസ്‌ലിങ്ങള്‍ക്കെതിരെ തങ്ങളുടെ നിലപാട് കര്‍ശനമാക്കുമ്പോള്‍ തന്ത്രപരമായി ക്രിസ്ത്യന്‍ പുരോഹിതരെ അവരുടെ ഭാഗത്തേക്ക് അണിനിരത്താന്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

1921ലെ മലബാര്‍ കലാപത്തെ വികലമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍.എസ്.എസ് സെപ്തംബര്‍ 25ന് ‘മലബാര്‍ ഹിന്ദു വംശഹത്യ ദിനം’ ആചരിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിനും മുസ്ലിം കര്‍ഷകരെ അടിച്ചമര്‍ത്തുന്ന ജന്മിമാര്‍ക്കുമെതിരെയായിരുന്നു മലബാര്‍ കലാപം. ബ്രിട്ടീഷ് സായുധസേന കലാപത്തെ ക്രൂരമായി അടിച്ചമര്‍ത്തി. കേരളത്തിലെ ക്രൈസ്തവരോട് ആര്‍.എസ്.എസ് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന സഹതാപത്തിന്റെ ഭാഗമായി മലബാര്‍ കലാപം ഹിന്ദുവിരുദ്ധം മാത്രമല്ല, ക്രിസ്ത്യന്‍ വിരുദ്ധവുമാണെന്നുകൂടി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഇസ്‌ലാമോഫോബിയയുടെ അപകടങ്ങളെയും ഹിന്ദുത്വശക്തികള്‍ കളിക്കുന്ന ഭിന്നിപ്പിക്കല്‍ തന്ത്രങ്ങളെയും കത്തോലിക്കാ സഭയില്‍നിന്നും മറ്റു ക്രിസ്ത്യന്‍ സഭകളും ചൂണ്ടിക്കാണിക്കുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയുടെ ഹിന്ദുത്വ പതിപ്പ് ഉയര്‍ത്തുന്ന അപകടത്തെക്കുറിച്ച് കേരളത്തിലെ സി.പി.ഐ.എമ്മിന് വ്യക്തമായ ധാരണയുണ്ട്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടാന്‍ എല്ലാ മതനിരപേക്ഷ, ജനാധിപത്യശക്തികളെയും അണിനിരത്താന്‍ ശ്രമിക്കുകയാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുസ്‌ലിങ്ങള്‍ക്കിടയില്‍ തീവ്രവാദ സംഘടനകളും പ്രത്യയശാസ്ത്രങ്ങളും ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും പാര്‍ട്ടിക്ക് വ്യക്തമായി അറിവുണ്ടെന്നും അവയില്‍ ചിലത് വിദേശത്തുള്ള ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഉല്‍പ്പന്നങ്ങളാണെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

BJP used the opportunity to break the Christian-Muslim unity and stir up Islamophobia; Prakash Karat

We use cookies to give you the best possible experience. Learn more