ഇങ്ങനെയാണ് ബി.ജെ.പി ഐ.ടി സെല്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്; യു.പിയില്‍ നിന്നും ഒരു ഉദാഹരണം
UP Election
ഇങ്ങനെയാണ് ബി.ജെ.പി ഐ.ടി സെല്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്; യു.പിയില്‍ നിന്നും ഒരു ഉദാഹരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2017, 4:37 pm

 


തയ്യാറാക്കിയത്/ അമിത് ഭരദ്വാജ്‌


ലക്‌നൗവില്‍ നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ അപ്പുറമുള്ള ബാരാബങ്കിയിലാണ് വിജയ് കുമാര്‍ ശര്‍മ്മയെന്ന 35 കാരന്റെ വീട്. ടാക്‌സി ഡ്രൈവറാണ് വിജയകുമാര്‍. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ശര്‍മ്മ തീരുമാനിച്ചു, കുറച്ചുകാലത്തേക്ക് ജോലിയൊക്കെ വേണ്ടെന്നു വെച്ച് രാജ്യത്തിനുവേണ്ടി കുറഞ്ഞത് ഉത്തര്‍പ്രദേശിനുവേണ്ടിയെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന്.

അതുകൊണ്ടുതന്നെ 2017 ഫെബ്രുവരി 19ന് ശര്‍മ്മ ടാക്‌സി ഓട്ടിയില്ല. അന്ന് അയാള്‍ തന്റെ നാടായ ബാരാബങ്കിയിലെ പോളിങ് ബൂത്തിനുമുമ്പില്‍ ക്യൂ നില്‍ക്കുകയായിരുന്നു. ആര്‍ക്കാണ് വോട്ടു ചെയ്തതെന്നു പറയാന്‍ ശര്‍മ്മയ്ക്ക് ഒരു മടിയുമില്ല. അത് മോദിക്കാണ്.


Also read ഉത്സവ ദിവസം വീട്ടില്‍ മദ്യം വിളമ്പിയെന്ന് ആരോപിച്ച് തൃശൂരില്‍ ദളിത് കുടുംബത്തെ ബി.ജെ.പി ഊരുവിലക്കി; കുടുംബാഗങ്ങള്‍ക്ക് മര്‍ദ്ദനവും 


ശര്‍മ്മയുടെ കാര്യം ഇവിടെ പറയാന്‍ ഒരു കാരണമുണ്ട്. താന്‍ കടുത്ത അഖിലേഷ് യാദവ് സപ്പോര്‍ട്ടര്‍ ആണെന്നാണ് ശര്‍മ്മ സ്വയം പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കണ്ടു കൊണ്ടിരിക്കുന്ന മെസേജുകള്‍ ബോധ്യപ്പെടുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരേണ്ട സമയമായി എന്നാണെന്നും ശര്‍മ്മ പറയുന്നു.

“കശ്മീരില്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നിങ്ങനെയുള്ള മെസേജുകള്‍ ഞങ്ങള്‍ക്ക് സ്ഥിരമായി വാട്‌സപ്പ് വഴി ലഭിക്കാറുണ്ട്. ” ശര്‍മ്മ പറയുന്നു.

“മുസ്‌ലീങ്ങളെക്കുറിച്ച് ഇപ്പറയുന്നതില്‍ ചില കാര്യമില്ലേയെന്ന് ഒരു ഘട്ടത്തില്‍ ഞങ്ങള്‍ക്കും തോന്നിത്തുടങ്ങി. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ഇവര്‍ക്ക് ഒരുപാട് സ്വാതന്ത്ര്യം കൊടുക്കുകയാണ്.” ശര്‍മ്മ പറയുന്നു.

തനിക്ക് അവിടെവിടുന്നായി ലഭിക്കുന്ന സന്ദേശങ്ങള്‍ എന്നു ശര്‍മ്മ സൂചിപ്പിച്ച (ശര്‍മ്മയെപ്പോലുള്ള നിരവധിപേര്‍) ആ സന്ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പബ്ലിസിറ്റി കാമ്പെയ്‌നായിരുന്നു.

രണ്ടുവര്‍ഷത്തെ കാലയളവിനുള്ളില്‍ യു.പിയിലെമ്പാടുമായി, ലക്‌നൗ നഗരം മുതല്‍ ബുന്ദേഖണ്ഡ് പോലുള്ള ഉള്‍ഗ്രാമങ്ങളില്‍ വരെ, ബി.ജെ.പി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെ വിജയകരമായി വലയിലാക്കി. തങ്ങളുടെ ന്യൂ മീഡിയ തന്ത്രം വിജയകരമായി അവരിലൂടെ നടപ്പിലാക്കുകയും ചെയ്തു.

യു.പി ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ ചാര്‍ജ് ജെ.പി.എസ് റാത്തോറിനാണ്. “വോട്ടര്‍മാരുടെ മനസ് കീഴടക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവര്‍ എപ്പോഴൊക്കെ നോക്കുന്നോ അപ്പോഴെല്ലാം അവര്‍ക്കു ഞങ്ങളുടെ മെസേജുകള്‍ കാണാനോ കേള്‍ക്കാനോ കഴിഞ്ഞിരുന്നു.

1980നുശേഷം ബി.ജെ.പിക്ക് ഇത്തവണ നേടിയതുപോലെ യു.പിയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. 325 സീറ്റുകളുമായി ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം യു.പിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്. ഈ നേട്ടത്തിന്റെ ശര്‍മ്മയെപ്പോലുള്ളവരെ മാറ്റിയെടുത്തതിന്റെ ക്രഡിറ്റിന്റെ വലിയൊരളവ് ബി.ജെ.പിയുടെ ഐ.ടി സെല്‍ അര്‍ഹിക്കുന്നു.


Dont miss മഠം നടത്തുന്നപോലെയല്ല യു.പി ഭരണം; യോഗിയ്ക്ക് മതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണോ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; ബി.ജെ.പിക്കെതിരെ ശിവസേന 


ഒരിക്കല്‍ ലക്‌നൗവിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ബി.ജെ.പി ഐ.ടി സെല്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ലക്‌നൗ ഹെഡ്ക്വാട്ടേഴ്‌സില്‍ ഒരു നില മൊത്തമായി വ്യാപിച്ചു കിടക്കുകയാണ്. പാര്‍ട്ടി ഐ.ടി സെല്ലിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. യു.പിയിലെ ഓരോ ബ്ലോക്കിലും ഐ.ടി സെല്ലിന് ജീവനക്കാരുണ്ട്. 2014ലെ പൊതു തെരഞ്ഞെടുപ്പ് പരിശോധിച്ചപ്പോള്‍ പരമ്പരാഗത ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം മാറ്റിവെച്ച് യു.പി വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം മോദിക്കുവേണ്ടി വോട്ടു ചെയ്തു എന്നാണ് തങ്ങള്‍ക്ക് മനസിലായതെന്ന് റാത്തോര്‍ പറയുന്നു. ഈ സമയത്ത് ബി.ജെ.പി 42.6% വോട്ടു ഷെയര്‍ നേടിയിരുന്നു.

ഇക്കാരണം കൊണ്ടാണ് തങ്ങള്‍ക്കു ലഭിച്ച പുതിയ വോട്ടര്‍മാരെ കൂടി നിര്‍ത്താനുള്ള ശ്രമങ്ങള്‍ തെരഞ്ഞെടുപ്പു കഴിഞ്ഞയുടന്‍ പാര്‍ട്ടി ആരംഭിച്ചത്.

പ്രചരണത്തിനായി ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ മാര്‍ഗങ്ങളും വിവരശേഖരണവും ഉള്‍പ്പെട്ട തന്ത്രമാണ് ബി.ജെ.പി ഐ.ടി സെല്‍ സ്വീകരിച്ചത്. മുന്‍ എ.ബി.വി.പി നേതാവ് സുനില്‍ ബന്‍സാലിനെയാണ് 2014ല്‍ ബി.ജെ.പി യു.പിയിലെ സെക്രട്ടറിയായി നിയമിച്ചത്. ഇതിനു പുറമേ ബി.ജെ.പി ഐ.ടി സെല്‍ തലവനായി 2016 ജൂണില്‍ സഞ്ജയ് റായിയെയും നിയമിച്ചു. പ്രചരണത്തിന്റെ അന്തിമ ഘട്ടത്തിലെത്തുമ്പോഴേക്കും ഇവര്‍ ഇരുവരും ചേര്‍ന്ന് ഒമ്പതുലക്ഷത്തിലേറെപ്പേരെയാണ് കോഡിനേറ്റു ചെയ്തത്.

ബി.ജെ.പിയുടെ മികച്ച, വേര്‍ച്വല്‍ കാമ്പെയ്‌ന്റെ ഒരു പ്രോഡക്ടിനെത്തേടി നിങ്ങള്‍ അധികമൊന്നും തിരയേണ്ട. അഖിലേഷ് യാദവിനെ പിന്തുണയ്ക്കുന്ന ആളായിരുന്നിട്ടു കൂടി അഭയ് സിങ് എന്ന 35കാരനായ ലക്‌നൗ ഹോട്ടലുടമ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറിനെതിരെ പറയുന്നത് കേട്ടാല്‍ മതിയാവും. മുന്‍ മന്ത്രി ഗായത്രി പ്രജാപതിയുടെ കുറ്റകൃത്യങ്ങള്‍ പരാമര്‍ശിക്കുന്നതുവരെ അദ്ദേഹം പോയി.


Must Read: കേരള സര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി കാമ്പെയ്ന്‍ സംഘടിപ്പിക്കാന്‍ ആര്‍.എസ്.എസ് ആഹ്വാനം: പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കാനും തീരുമാനം


സമാജ്‌വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും എതിരായ സിങ്ങിന്റെ വാദങ്ങള്‍ വളരെ ശക്തമാണ്. ഈ പാര്‍ട്ടികളുടെ പരാജയങ്ങളെക്കുറിച്ച് അദ്ദേഹത്തെ വളരെ ആഴത്തില്‍ തന്നെ ആരോ പഠിപ്പിച്ചിട്ടുണ്ടെന്ന് തോന്നും. ബി.ജെ.പിയുടെ വിജയത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം വളരെ ആവേശവാനാണ്. എന്നാല്‍ ബി.ജെ.പിയെക്കുറിച്ച് കൂടുതല്‍ ചോദിക്കുമ്പോള്‍ ശര്‍മ്മയുടെ വാദങ്ങളുടെ വ്യക്തത കുറയുന്നതു കാണാം. ഒടുക്കം തന്റെ രാഷ്ട്രീയ അവബോധം സോഷ്യല്‍ മീഡിയ വഴിയുണ്ടായതാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു.

ബി.ജെ.പിയും ആര്‍.എസ്.എസും അവരുടെ വോട്ട് ബേസ് ഉറപ്പിക്കുന്നതും വര്‍ധിപ്പിക്കുന്നതും യോഗങ്ങളിലൂടെയും മെമ്പര്‍ഷിപ്പ് കാമ്പെയ്‌നിലൂടെയും മറ്റുമാണ്. യു.പിയില്‍ ബി.ജെ.പി തങ്ങളുടെ സംഘടനയെ ആറു മേഖലകളിലാക്കി വിഭജിച്ചു. ബജ്ര, കാണ്‍പൂര്‍, പാസ്ചിം, കാശി, അവധ്, ഗൊരാക്പൂര്‍ എന്നിങ്ങനെ. ഇവയെ പിന്നീട് 92 ജില്ലകളുള്ള (75 ജില്ലകളാണ് യു.പിയില്‍ യഥാര്‍ത്ഥത്തിലുള്ളത്) ഒരു യൂണിറ്റായി തിരിച്ചു. ശേഷം അസംബ്ലി യൂണിറ്റുകളും ബ്ലോക്കു യൂണിറ്റുകളും ഒടുക്കം ബൂത്ത് ലെവല്‍ യൂണിറ്റുകളുമാക്കി വിഭജിച്ചു. ഓരോന്നും ഏഴു പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്ന ഒരു ചിത്രമിതാ.

 

1.28ലക്ഷം ബ്ലോക്ക് ലെവല്‍ പ്രസിഡന്റുമാരെയാണ് ബി.ജെ.പി യു.പിയില്‍ നിയമിച്ചത്. ഈ ഓരോ ലെവലിലും ഐ.ടി സെല്ലിന് അവരുടെ പ്രവര്‍ത്തകരുണ്ട്.

സംസ്ഥാനത്തെ ഐ.ടി സെല്ലില്‍ 25 അംഗങ്ങളാണുള്ളത്. റായിയാണ് തലവന്‍. ഓരോ മേഖലാ കേന്ദ്രത്തിനും 20 അംഗങ്ങളും ഐ.ടി വിഭാഗത്തിലെ 15അംഗ ടീമുമുണ്ട്. ഏഴംഗ ടീം ബ്ലോക്ക് ലെവലിലാണ് പ്രവര്‍ത്തിക്കുന്നത്. റീജിയണല്‍, ജില്ലാ, അസംബ്ലി ലെവലില്‍ ഏതാണ്ട് 5000 പ്രവര്‍ത്തകരുണ്ട്. ഇതിനു പുറമേ 20 പ്രൊഫഷണലുകളും ഡിസൈനര്‍മാരും കാര്‍ട്ടൂണിസ്റ്റുകളുമടങ്ങിയ ഒരു പ്രത്യേക ടീമുമുണ്ട്. ഇവരാണ് പാര്‍ട്ടിയ്ക്കുവേണ്ടി അനുയോജ്യമായ കണ്ടന്റുകള്‍ ഉണ്ടാക്കുന്നത്.

വിവരശേഖരണം

ആദ്യ ഘട്ടമെന്നത് യു.പി വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കലായിരുന്നു. മെമ്പര്‍ഷിപ്പ് ഡ്രൈവിനിടെ അടിസ്ഥാന വിവരങ്ങളായ പേര്, ഫോണ്‍ നമ്പര്‍, ഗ്രാമത്തിന്റെ പേര് എന്നിവ പാര്‍ട്ടി ശേഖരിച്ചിരുന്നു. ഇതെല്ലാം ഐ.ടി സെല്ലിനു കൈമാറുകയും ചെയ്തിരുന്നു.

“മെമ്പര്‍ഷിപ്പ് കാമ്പെയ്‌നിലൂടെ യു.പിയില്‍ ഞങ്ങള്‍ രണ്ടു കോടിയോളം ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.” ബി.ജെ.പിയുടെ വൈസ് പ്രസിഡന്റായ റാത്തോറ് പറയുന്നു. മിസ്ഡ് കോള്‍ രീതിയില്‍ മെമ്പര്‍ഷിപ്പ് എടുത്തുവരുടെ കോണ്‍ടാക്ട് നമ്പര്‍ മാത്രമേ കയ്യിലുള്ളൂ.

രണ്ടാം ഘട്ടം എന്നത് ഈ വിവരങ്ങള്‍ വെരിഫൈ ചെയ്യലാണ്.” റാത്തോറ് പറയുന്നു. “ഞങ്ങള്‍ വിളിച്ചു, മെസേജ് ചെയ്തു, ഓരോ കോണ്‍ടാക്ട് നമ്പറിലെയും ഫീഡ്ബാക്കെടുത്തു. അതെല്ലാം ശേഖരിച്ചു.” അദ്ദേഹം വിശദീകരിക്കുന്നു.

ഈ നടപടിക്രമങ്ങള്‍ക്കൊടുവില്‍ ഐ.ടി സെല്‍ 1.3കോടി പേരുടെ വിവരങ്ങള്‍ വെരിഫൈ ചെയ്തു. തുടര്‍ന്നുള്ള കാലങ്ങളില്‍ ഇവര്‍ ബി.ജെ.പിയുടെ ഓണ്‍ലൈന്‍ ടെലിഫോണിക് കാമ്പെയ്‌നുകളുടെയും സംഘടിതമായ പ്രചരണത്തിന്റെയും ഉപഭോക്താക്കളായി മാറി. ഇതുവഴി പ്രധാനമായും ലക്ഷ്യമിട്ടത് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെയായിരുന്നെന്നും റാത്തോറ് പറയുന്നു.

മാസങ്ങളായി ഈ ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ഫോര്‍വേര്‍ഡുകളായും മറ്റും എസ്.പിയെയും ബി.എസ്.പിയെയും വിമര്‍ശിക്കുന്ന മെസേജുകള്‍ ലഭിക്കുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയെ ഇവര്‍ ബദലായി പ്രചരിപ്പിക്കാന്‍ തുടങ്ങി.

എസ്.പിയുടെയും ബി.എസ്.പിയുടെയും ഓണ്‍ലൈന്‍ തന്ത്രങ്ങള്‍ പിന്തുടരാന്‍ നിയോഗിക്കപ്പെട്ടവരില്‍ മിഡില്‍ ഈസ്റ്റിലെ ജോലി ഉപേക്ഷിച്ച് ബി.ജെ.പി ഐ.ടി കാമ്പെയ്‌നില്‍ ചേര്‍ന്ന ഘന്‍ശ്യാം സിങ് രഘുവാന്‍ഷിയുമുണ്ടായിരുന്നു. “എളുപ്പം തകര്‍ക്കാന്‍ കഴിയുന്ന ഇരയായിരുന്നു ബി.എസ്.പി കാരണം ഈ രംഗത്ത് അവര്‍ വലിയ സ്വാധീനശക്തിയായിരുന്നില്ല. എന്നാല്‍ എസ്.പി വലിയ വെല്ലുവിളി തന്നെയായിരുന്നു.” സിങ് പറയുന്നു.


You must read this അടിച്ചു മാറ്റിയാ കണ്ടു പിടിക്കില്ലെന്നു കരുതിയോ? 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സിലെ മ്യൂസിക്കും ഗോപി സുന്ദര്‍ അടിച്ചു മാറ്റിയത്, വീഡിയോ കാണാം 


ഇവര്‍ക്ക് തന്ത്രങ്ങള്‍ മാത്രമല്ലയുള്ളത്, മികച്ച ഗ്രാഫിക്‌സുകള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള പണവും ഉണ്ടെന്ന് ബി.ജെ.പി ഐ.ടി സെല്‍ കോര്‍ ടീമിലെ അംഗമായ മുക്തേശ്വര്‍ മിശ്ര പറയുന്നു.

ഒരു മേഖലയിലെ വോട്ടര്‍മാര്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ ആ മേഖലയിലെ പ്രത്യേക സംസ്‌കാരത്തെയും ഭാഷാപരമായ വ്യതിയാനങ്ങളെയും മനസില്‍വെച്ചുകൊണ്ടാണ്. ഉദാഹരണത്തിന് വരള്‍ച്ചയും വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന സന്ദേശങ്ങള്‍ ബുന്ദേഖണ്ഡിലേക്കു വിടും (കാണ്‍പൂര്‍ മേഖല കൈകാര്യം ചെയ്യുന്നത്).

പ്രാദേശിക ഭാഷകളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിനെ രൂപപ്പെടുത്തിയ വൈവിധ്യങ്ങളെയും പ്രത്യേകതകളെയും കുറിച്ച് ബി.ജെ.പിക്ക് നന്നായി അറിയാമായിരുന്നു.

“ഒരാളുടെ ബോധമനസില്‍ ഐഡിയകള്‍ കുത്തി നിറയ്ക്കുകയെന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ അബോധ മനസില്‍ അജണ്ടകള്‍ കുത്തി നിറയ്ക്കാന്‍ എളുപ്പമാണ്.” റാത്തോറ് പറയുന്നു.

മേഖലാ ജില്ലാ കേന്ദ്രങ്ങള്‍ക്ക് ബി.ജെ.പി അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയിരുന്നു. ” ഓരോ യൂണിറ്റിലും പാര്‍ട്ടി രണ്ടു കമ്പ്യൂട്ടറുകള്‍ അനുവദിച്ചിരുന്നു. ഒപ്പം ഒരു പ്രിന്ററും രണ്ട് ഓപ്പറേറ്റര്‍മാരെയും.” മിശ്ര പറയുന്നു. വീഡിയോ കോണ്‍ഫറന്‍സുകള്‍ വഴി ഒട്ടനവധി യോഗങ്ങളും സമ്മേളനങ്ങളും കാമ്പെയ്‌നുകളും പദ്ധതികളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പരിവര്‍ത്തന്‍ റാലി കോഡിനേറ്റ് ചെയ്യാനും ബുത്ത് ലെവല്‍ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനും രണ്ട് കോള്‍സെന്ററുകള്‍ രൂപപ്പെടുത്തിയിരുന്നു. ഈ സെന്ററുകള്‍ വഴി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക ടീം റിപ്പോര്‍ട്ടു തയ്യാറാക്കുകയും അത് ബി.ജെ.പി സംസ്ഥാന ടീമിന് ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
വാട്‌സ്ആപ്പിന്റെ ബലം

“കുറഞ്ഞത് 5000 വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെങ്കിലും കടന്നു ചെല്ലാനായിരുന്നു ഞങ്ങള്‍ ലക്ഷ്യമിട്ടത്. തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പു തന്നെ ഇതിനു കഴിഞ്ഞു.” മിശ്ര പറയുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഐ.ടി സെല്ലിന് യു.പിയിലെമ്പാടുമായി 9000ത്തിലേറെ വാട്‌സ്ആപ്പു ഗ്രൂപ്പുകളില്‍ ഇടപെടാന്‍ കഴിഞ്ഞിരുന്നു. അതിനര്‍ത്ഥം ദിവസം അയക്കുന്ന ഏഴോ എട്ടോ സന്ദേശങ്ങള്‍ കുറഞ്ഞത് 13.5 ലക്ഷം ആളുകളെങ്കിലും വായിക്കുന്നുണ്ടായിരുന്നു.

ഐ.ടി സെല്ലിന്റെ പക്കലുണ്ടായിരുന്ന നമ്പറുകളില്‍ നിന്ന് മോദിയെ പിന്തുണയ്ക്കുന്നവരെയും ബി.ജെ.പിയോട് അനുഭാവമുള്ളവരെയും വേര്‍തിരിക്കാന്‍ ഒരു ടീമുണ്ടായിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എത്രത്തോളം ആക്ടീവാണ് എന്നതിന്റെ അടിസ്ഥാനത്തിലും ആളുകളെ വേര്‍തിരിച്ചു. ഐ.ടി സെല്ലിലെ ഏതെങ്കിലും ഒരാളെയെങ്കിലും ഗ്രൂപ്പില്‍ ചേര്‍ക്കുകയും ക്രമേണ അഡ്മിന്‍ സ്റ്റാറ്റസ് അനുവദിക്കുന്ന തരത്തില്‍ ആ ആളില്‍ വിശ്വാസം സൃഷ്ടിക്കുകയെന്നതായിരുന്നു അടുത്ത ഘട്ടം. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് 30-40% വരെ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഐ.ടി സെല്‍ അംഗങ്ങള്‍ അവകാശപ്പെടുന്നു.

സമാജ്‌വാദി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ബി.ജെ.പി പ്രചരിപ്പിച്ച ചിത്രം

ഒരിക്കല്‍ ഞങ്ങള്‍ ഒരാളുടെ ഗ്രൂപ്പില്‍ കടന്നാല്‍ ആ വ്യക്തി ഞങ്ങളുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ടോയെന്നു നോക്കുന്നതിനൊപ്പം അതേ ഗ്രൂപ്പിലെ മറ്റാളുകളുടെ നമ്പറുകളും ഉപയോഗപ്രദമാക്കും.” മിശ്ര പറഞ്ഞു. ഓരോ ഗ്രൂപ്പിലുമുള്ളവരുടെ കോണ്‍ടാക്ട് ലിസ്റ്റുകള്‍ മുഴുവന്‍ നേടിയെടുക്കാന്‍ തങ്ങള്‍ ഒരു സോഫ്റ്റുവെയര്‍ രൂപപ്പെടുത്തിയിരുന്നെന്നും സെല്‍ അംഗങ്ങള്‍ അവകാശപ്പെടുന്നു. ഇതുവഴി പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുണ്ടായിരുന്നു. ഓരോ യൂസറുടെയും യുണീക്കായ നമ്പര്‍ കണ്ടെത്തുക, ഒരു ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയാല്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനും സാധിക്കും.

ഇത്തരം ഗ്രൂപ്പുകള്‍ വഴി വസ്തുതാവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ പ്രചരിപ്പിക്കാറുണ്ടെന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ബി.ജെ.പി ഐ.ടി സെല്‍ അംഗം പറയുന്നു. ” ഞങ്ങളുടെ എതിരാളികള്‍ക്കെതിരായ സംഘടിതമായ പ്രചരണമാണ് ഈ സന്ദേശങ്ങളില്‍ ഏറെയും. മിക്കതിലും വസ്തുതാപരമായി തെറ്റായ പ്രസ്താവനകളാണുണ്ടായിരുന്നത്.”

ഇവര്‍ ഉപയോഗിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ പേരുകള്‍ ഹിന്ദുത്വ ഫ്‌ളേവറുകളുള്ളതായിരുന്നു. ഉദാഹരണത്തിന് ഹിന്ദു ദള്‍, ജയ് ശ്രീറാം, ഹിന്ദു ഏകതാ തുടങ്ങിയവ.

“ഹിന്ദു സമുദായത്തിന്റെ പേരുള്ള നാലഞ്ച് ഗ്രൂപ്പുകള്‍ എനിക്കുണ്ട്.” ലക്‌നൗവിലെ സര്‍ദാനഗറിലെ ബി.ജെ.പി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിരേന്ദ്ര തിവാരി പറയുന്നു. ദിവസവും ഒട്ടേറെ സന്ദേശങ്ങളാണ് തിവാരി അയക്കുന്നത്. ഇതിന്റെ ആധികാരികത പരിശോധിക്കാറുണ്ടോയെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ” ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതെല്ലാം സത്യമാണ്.” എന്നാണ്.

വാട്‌സ്ആപ്പാണ് ഏറ്റവും ഗുണം ചെയ്തതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഫേസ്ബുക്കും പ്രധാന ഉപകരണമായിരുന്നു. എല്ലാ മണ്ഡലത്തിലും ഓരോ പേജുണ്ടായിരുന്നു. യു.പിക്ക് മൊത്തമായി രണ്ടു പേജുകളുണ്ട്. “BJP4UP” യും “UttarDegaUP” യും.

ഇവയ്ക്ക് യഥാക്രമം 21ലക്ഷവും 19ലക്ഷവും ലൈക്കുകളുണ്ട്. പരിവര്‍ത്തന്‍ യാത്രയ്ക്ക് മുമ്പ് BJP4UP എന്ന പേജിന് വെറും 10,000 ലൈക്കുകളേയുണ്ടായിരുന്നുള്ളൂ. യാത്ര അവസാനിപ്പിക്കുമ്പോഴേക്കും ഇത് 10ലക്ഷമായി വര്‍ധിച്ചു.

പോസ്റ്റുകളുടെ ടൈമിങ് ബി.ജെ.പിയുടെ ഓണ്‍ലൈന്‍ തന്ത്രങ്ങളുടെ സൂക്ഷ്മ വെളിവാക്കുന്നതായിരുന്നു. വോട്ടിങ്ങിന്റെ അവസാനദിനമായ മാര്‍ച്ച് 8ന് BJP4UP എന്ന പേജില്‍ ഒരു വീഡിയോ വന്നിരുന്നു. യു.പി പൊലീസ് ഹിന്ദു സന്യാസിമാരെ ആക്രമിക്കുന്നു എന്നുകാണിക്കുന്നതായിരുന്നു വീഡിയോ. ഈ വീഡിയോ ഇതുവരെ 52,000 പേരാണ് കണ്ടത്. 1200 ഷെയറുകളുമുണ്ട്.

എസ്.പിയും കൊണ്‍ഗ്രസുമൊക്കെ തുടങ്ങുന്നതിനു ഒരുപാട് മുമ്പ് ബി.ജെ.പിയുടെ ഓണ്‍ലൈന്‍ കാമ്പെയ്ന്‍ തുടങ്ങിയെന്നാണ് റാത്തോറ് പറയുന്നത്. സര്‍ജിക്കല്‍ സ്‌ടൈക്കും, ആസാം തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയവും നോട്ടുനിരോധനവുമൊക്കെ പ്രചരണ ആയുധങ്ങളാക്കി. ലൈക്കുകളുടെ കാര്യത്തില്‍ മികച്ച ഗ്രാഫിക്‌സുകളുമായി വരുന്ന യോഗി ആദിത്യനാഥിന്റെ സന്ദേശങ്ങളായിരുന്നു മുമ്പില്‍. റാങ്കിങ്ങിന്റെ കാര്യത്തിലാണെങ്കില്‍ നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടുന്ന പോസ്റ്റുകള്‍ക്കു തൊട്ടുപിന്നിലാണ് ഇവ.

ദിസവും ഈ പേജില്‍ 30മുതല്‍ 35 പോസ്റ്റുകള്‍ വരെ ചെയ്യും. വോട്ടര്‍മാരുടെ സമയത്തില്‍ നിന്നും 30മിനിറ്റാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ കൂടി അവരെ ബ്രെയിന്‍വാഷ് ചെയ്യാനും അവരുടെ ചിന്തകളെ സ്വാധീനിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. റാത്തോറ് അവകാശപ്പെടുന്നു.

 

യാദവ് കുടുംബം ഹിന്ദുക്കള്‍ക്ക് എതിരും മുസ്‌ലീങ്ങള്‍ക്ക് അനുകൂലവുമാണെന്നതിനു തെളിവു നല്‍കലായിരുന്നു എസ്.പിയ്‌ക്കെതിരായ കാമ്പെയ്‌നിലൂടെ ലക്ഷ്യമിട്ടത്. മാര്‍ച്ച് 4ന് UttarDegaUP എന്ന പേജ് യു.പി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിനെ നേരിട്ട് ആക്രമിക്കാന്‍ തുടങ്ങി. മുസ്‌ലീങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇരിക്കുന്ന രീതിയില്‍ യാദവ് ക്ഷേത്രത്തിനുള്ളില്‍ ഇരിക്കുന്നു എന്നുപറഞ്ഞുള്ള ഒരു വീഡിയോയായിരുന്നു പോസ്റ്റു ചെയ്തത്. ഈ വീഡിയോ ഇതുവരെ 18.9 lakh പേരാണ് കണ്ടത്. 6,300 ലേറെ കമന്റുകളുമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണ സേനയായി ഇന്റര്‍നെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെ മാറ്റാന്‍ കഴിഞ്ഞെങ്കിലും ഈ ഊര്‍ജസ്വലരായ പട്ടാളക്കാരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടിയുടെ ഐ.ടി സെല്‍ തന്നെ നന്നായി മനസിലാക്കിയിരുന്നു. “ലക്ഷങ്ങള്‍ അംഗമായ അപകടകാരികളായ ഓണ്‍ലൈന്‍ സേനയാണ് ഞങ്ങളെ ഫോളോ ചെയ്യുന്നത്. ഇവര്‍ ഞങ്ങളുടെ നിയന്ത്രണത്തില്‍ പോലുമായിരുന്നു. ഗുര്‍മേഹര്‍ കൗര്‍ കേസില്‍ അവര്‍ക്കെതിരെയുയര്‍ന്ന ഭീഷണികളുടെയും മറ്റും പേരില്‍ പ്രതിപക്ഷം ഞങ്ങളെ ആക്രമിക്കുകയുണ്ടായി. അവരെ ആക്രമിച്ചവരില്‍ പലരും ബി.ജെ.പിയെ ഫോളോ ചെയ്യുന്നുണ്ടാവാം. അവര്‍ ഞങ്ങളുടെ നിയന്ത്രണത്തിനുമപ്പുറമാണ്. ഈ യൂസര്‍മാരെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.” മിശ്ര പറയുന്നു.

കടപ്പാട്: ന്യൂസ്‌ലോണ്‍ട്രി