| Thursday, 26th October 2023, 3:55 pm

രാജസ്ഥാനിലെ ഇ.ഡിയുടെ റെയ്ഡ് കോണ്‍ഗ്രസ് ജയിക്കുമെന്നതിന്റ തെളിവ് : ഗെഹ്‌ലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബി.ജെ.പി ഇ.ഡിയെ ഉയോഗിച്ച് നിരന്തരം റെയ്ഡുകള്‍ നടത്തുന്നത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തെളിവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

വ്യാഴാഴ്ച അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ടിനെ ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വൈഭവിനെ കൂടാതെ രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊട്ടസാരയുടെയും സ്വതന്ത്ര എം.എല്‍.എ ഓം പ്രാകാശ് ഹുദയുടെയും വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തി.

ഈ മാസം 26 ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് സ്ത്രീകള്‍ക്കായി വാഗ്ദാനങ്ങള്‍ പുറത്തിറക്കി.26ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊട്ടസാരയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തുകയും എന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ടിനോട് ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായിരിക്കും എന്തുകൊണ്ടാണ് ഇ.ഡിയുടെ റെഡ് റോസ് രാജസ്ഥാനില്‍ സംഭവികുന്നതെന്ന്. കാരണം ബി.ജെ.പിക്ക് സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കുന്നത് ഇഷ്ടമല്ല,’ഗെഹ്ലോട്ട് എക്‌സില്‍ കുറിച്ചു.

വൈഭവിനെ വിളിപ്പച്ചത് എന്തിനാണെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ല. മുംബൈ ആസ്ഥാനമായിട്ടുള്ള ഹോട്ടലുകളും റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട വിദേശ നാണ്യ ചട്ടപ്രകാരമുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് വൈഭവിനെ ഇ.ഡി വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ .

ട്രിഷന്‍ ഹോട്ടല്‍ ആന്‍സ് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് വര്‍ദ്ധ എന്റര്‍പ്രൈസസ് എന്നിവക്കെതിരെ നേരത്തെ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു.
മൗറിഷ്യസില്‍ നിന്നും വിദേശ നാണ്യ ചട്ടം ലംഘിച്ച് വന്‍തോതില്‍ പണം സ്വീകരിച്ചതായി നേരത്തെ ഇ.ഡി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ 1.27 കോടിയുടെ കണക്കില്‍ പെടാത്ത പണവും മറ്റ് രേഖകളും കണ്ടെത്തിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

കളളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ ദൊട്ടസാരയുടെ വീട്ടില്‍ 8.30 മുതല്‍ റെയ്ഡ് ആരംഭിച്ചത്. രാജസ്ഥാന്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ദൊട്ടസാരയുമായി ബന്ധപ്പെട്ട കോച്ചിങ് സെന്ററിലും റെയ്ഡ് നടക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഇ.ഡിയെ ദുരുപയോഗിച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസിനെ ദ്രോഹിക്കുകയാണെന്ന് ഗെഹ്ലോട്ട് തിങ്കളാഴ്ച പറഞ്ഞിരുന്നു. നിരന്തരമുള്ള ഇ.ഡി റെയ്ഡ് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന്റെ സൂചനയാണെന്നും ബി.ജെ.പിയ്ക്ക് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയാത്തതിനാലാണ് ഇ.ഡിയെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ അവഹേളിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നും കുറ്റക്കാരാണെങ്കില്‍ മാത്രമേ വിഷമിക്കേണ്ടതുള്ളു വെന്നും അല്ലാത്ത പക്ഷം അന്വേഷണത്തോട് സഹകരിക്കണമെന്നും ബി.ജെ.പി നേതാവ് രാംലാല്‍ ശര്‍മ പറഞ്ഞു.

content highlight : BJP use ED against congress- Ashok Gehlot

We use cookies to give you the best possible experience. Learn more