| Tuesday, 28th May 2019, 4:50 pm

'ഗംഭീര്‍ നിഷ്‌കളങ്കന്‍'; മുസ്‌ലിം യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച ഗംഭീറിനെതിരെ ബി.ജെ.പിയില്‍ അതൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൊപ്പിവെച്ചതിന് ഗുരുഗ്രാമില്‍ മുസ്‌ലീം യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ഗൗതം ഗംഭീറിനെതിരെ ബി.ജെ.പിയില്‍ അതൃപ്തി. സംഭവത്തോടുള്ള ഗംഭീറിന്റെ പ്രതികരണം നിഷ്‌കളങ്കമാണെന്ന് ബി.ജെ.പി ദല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. ഗംഭീറിന്റെ പ്രസ്താവനയില്‍ ദല്‍ഹി ബി.ജെ.പി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഗംഭീര്‍ പഴയ പോലെ കളിക്കാരനല്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രസ്താവനകളും പ്രവര്‍ത്തികളും രാഷ്ട്രീയമായി വിലയിരുത്തപ്പെടുമെന്നും ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ ഹരിയാന സംഭവത്തില്‍ പ്രതികരിച്ചത് കൊണ്ട് എന്താണ് കാര്യമെന്നും ഇത് ബി.ജെ.പിയ്‌ക്കെതിരെ മറ്റു പാര്‍ട്ടികള്‍ ഉപയോഗിക്കുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

‘ഗുരുഗ്രാമില്‍ മുസ്‌ലിം യുവാവിനെ നിര്‍ബന്ധിച്ച് തലപ്പാവ് അഴിപ്പിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തതായി കണ്ടു. അത് അങ്ങേയറ്റം പരിതാപകരമാണ്. ഇത് ചെയ്തവര്‍ക്കെതിരെ ഗുരുഗ്രാം അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണം. നമ്മുടേതൊരു മതേതര രാജ്യമാണ്. ജാവേദ് അക്തര്‍ ആള്‍ ‘ഓ പാലന്‍ ഹാരെ, നിര്‍ഗുണ്‍ ഔര്‍ നാരേ എന്ന ഗാനമെഴുതിയതും രാകേഷ് ഓം മെഹ്‌റ ദല്‍ഹി 6 ല്‍ അര്‍സിയാന്‍ ഗാനമെഴുതിയതും ഈ രാജ്യത്താണ്’ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

ശനിയാഴ്ചയാണ് പ്രാര്‍ഥന കഴിഞ്ഞ് വരികയായിരുന്ന മുഹമ്മദ് ബര്‍കത് ആലം എന്നയാളെ ഒരു കൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more