ബി.ജെ.പി സമ്മര്‍ദ്ദത്തില്‍, ബീഹാറില്‍ രണ്ട് എം.പിമാരുള്ള ഘടകകക്ഷിയ്ക്ക് 17 സീറ്റുകള്‍ നല്‍കിയത് ഇതിന് തെളിവാണ്: സച്ചിന്‍ പൈലറ്റ്
national news
ബി.ജെ.പി സമ്മര്‍ദ്ദത്തില്‍, ബീഹാറില്‍ രണ്ട് എം.പിമാരുള്ള ഘടകകക്ഷിയ്ക്ക് 17 സീറ്റുകള്‍ നല്‍കിയത് ഇതിന് തെളിവാണ്: സച്ചിന്‍ പൈലറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2018, 9:21 pm

ജയ്പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബി.ജെ.പിക്കുള്ളില്‍ സമ്മര്‍ദ്ദമേറി വരുന്നുണ്ടെന്നും ബീഹാറിലെ എന്‍.ഡി.എയുടെ സീറ്റ് വിഭജനം ഇതാണ് വ്യക്തമാക്കുന്നതെന്നും സച്ചിന്‍പൈലറ്റ് പറഞ്ഞു.

ബി.ജെ.പി നേതാക്കളുടെ അങ്കാരം കാരണം ഘടകകക്ഷികള്‍ ഓരോന്നായി എന്‍.ഡി.എയില്‍ നിന്ന് കൊഴിഞ്ഞു പോകുകയാണ്. ലോക്‌സഭയില്‍ രണ്ട് സീറ്റ് മാത്രമുള്ള പാര്‍ട്ടിയ്ക്കാണ് ബീഹാറിലെ പകുതി ലോക്‌സഭാ സീറ്റും ബി.ജെ.പി കൊടുത്തിരിക്കുന്നത്. ആളുകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് അറിയുന്നത് കൊണ്ടാണിത്. മറ്റു ഘടകകക്ഷികളും ബി.ജെ.പിയെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭയില്‍ ബി.ജെ.പിയുടെ ശക്തി ക്ഷയിക്കുകയാണെന്നും സച്ചിന്‍പൈലറ്റ് പറഞ്ഞു.

തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസിന് പരാജയം സംഭവിച്ചപ്പോള്‍ വളരെ വിനയത്തോടെ രാഹുല്‍ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുത്തു. പക്ഷെ മൂന്നു സംസ്ഥാനങ്ങളിലും തോറ്റിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബി.ജെ.പിയുടെ നേതൃത്വം തയ്യാറാവുന്നില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളാണ് കോണ്‍ഗ്രസിന് കിട്ടിയത്. 2018ലത് അഞ്ചിരട്ടിയായിരിക്കുകയാണ്. 12.5 ശതമാനമാണ് വോട്ടുവിഹിതത്തില്‍ മാറ്റം വന്നിട്ടുള്ളത്. ബി.ജെ.പിയ്ക്ക് 6.6 ശതമാനം കുറഞ്ഞു. കോണ്‍ഗ്രസിന് 6 ശതമാനം വര്‍ദ്ധിച്ചു. വലിയ മാറ്റമാണിതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഉപേന്ദ്ര കുശ്വാഹയും ടി.ഡി.പിയും ഇപ്പോള്‍ ബി.ജെ.പിക്കൊപ്പമില്ല. ശിവസേനയും ബി.ജെ.പിയുടെ കൂടെയില്ല സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ബീഹാറില്‍ 22 എം.പിമാരുള്ള ബി.ജെ.പി ഇത്തവണ 17 സീറ്റിലാണ് മത്സരിക്കുന്നത്. 2 എം.പിമാരുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് ബി.ജെ.പി 17 സീറ്റ് നല്‍കിയിരുന്നു.

അതുപോലെ രാജസ്ഥാനില്‍ 2014ല്‍ 25 പാര്‍ലമെന്റ് സീറ്റും ബി.ജെ.പിയാണ് ജയിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലൂടെ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് തിരിച്ചു പിടിച്ചിരുന്നു.