| Wednesday, 7th September 2022, 2:37 pm

കേരളത്തില്‍ ക്രൈസ്തവ വോട്ട് ബാങ്ക് 'പിടിക്കാന്‍' ബി.ജെ.പിക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.

ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ അനുകൂലമായ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം സംസ്ഥാനത്തുണ്ട്, എന്നിട്ടും കേരളത്തില്‍ അത് സാധ്യമാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത ഉണ്ടായിട്ടും പരാജയപ്പെട്ട 144 മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് സന്ദര്‍ശനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.

അമിത് ഷായും ജെ.പി. നദ്ദയും ഉള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, എന്നീ ലോക്‌സഭാ മണ്ഡലങ്ങളാണ് കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ടില്‍ പരിഗണിച്ചത്.

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താന്‍ കഴിയുന്നില്ല, പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗത്തെ സ്വാധീനിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല, ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് പാര്‍ട്ടിക്ക് എത്തിച്ചേരാനാകുന്നില്ല എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ പ്രധാന വിലയിരുത്തലുകള്‍.

കൂടാതെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കുന്നില്ല എന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുളള അനുകൂല സാഹചര്യം കേരളത്തില്‍ ഉണ്ടെങ്കിലും അതിനെ ശക്തമായ വോട്ട് ബാങ്ക് ആക്കി മാറ്റാന്‍ സാധിക്കുന്നില്ല.

മറ്റ് പാര്‍ട്ടികളില്‍ നിന്നും പലരും ബി.ജെ.പിയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരെ കൊണ്ടുവരാനായി പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായിട്ടുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്.

തമിഴ്‌നാട്ടിലും തെലങ്കാനയിലും പ്രതികൂല സാഹചര്യം ആയിരുന്നിട്ടും സംഘടനാ സംവിധാനം മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നുണ്ട്. ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ ഈ രണ്ട് സംസ്ഥാന നേതൃത്വങ്ങള്‍ക്കും സാധിക്കുന്നുണ്ട്. അതിനാല്‍ കേരളം, തമിഴ്‌നാടിനെയും തെലങ്കാനയെയും മാതൃകയാക്കണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ഈ ലോക്‌സഭ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ വീണ്ടും സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.

അതേസമയം, കേരളത്തില്‍ താമര വിരിയുന്നത് വിദൂരമല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴക്കൂട്ടത്ത് പട്ടിക ജാതി മോര്‍ച്ച സംഘടിപ്പിച്ച സംഗമത്തില്‍ പറഞ്ഞിരുന്നു.

ഈ പരിപാടിയില്‍, രാജ്യത്തിലെ മറ്റു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ദേശഭക്തി മതിയെന്നും, കേരളത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ബലിദാനം ചെയ്യാനുളള ധൈര്യം വേണമെന്ന് അമിത് ഷാ പറഞ്ഞതും വിവാദമായിരുന്നു.

Content Highlight: BJP Unable to Influence Christian Vote Bank In Kerala; BJP Central Committee Report

We use cookies to give you the best possible experience. Learn more