തിരുവനന്തപുരം: 1957ല്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ വിമോചന സമരം നടത്തിയതു പൊലെ ഒരു രണ്ടാം വിമോചന സമരം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പക്ഷേ ജനരക്ഷാ യാത്ര കാറ്റുപോയ ബലൂണ്‍ പോലായെന്നും കോടിയേരി പറഞ്ഞു.
നേരത്തെ സി.പി.ഐ.എം ഭരിക്കുന്ന ത്രിപുരയില്‍ അക്രമം അഴിച്ചുവിട്ട് അധികാരം പിടിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു.
ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വീട് ഘരാവോ ചെയ്യുകയുണ്ടായി. എന്നാല്‍ ഇതിനെ പൊലീസ് ചെറുക്കുകയും അതുവഴി കലാപം സൃഷ്ടിച്ച് കേന്ദ്ര ഭരണം കൊണ്ടുവരാനുമാണ് ആര്‍.എസ്.എസ് ശ്രമിച്ചത്. അധികാരം പിടിക്കുക എന്നതായിരുന്നു ഇതിലൂടെ അവര്‍ ലക്ഷ്യം വെച്ചത്. ഇപ്പോള്‍ കേരളമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ അക്രമമാണെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതിപരത്താനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
രാജ്യത്ത് മുസ്‌ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് മുസ്‌ലിമായി ജീവിക്കാന്‍ പോലും ആര്‍എസ്എസ് അനുവദിക്കുന്നില്ല. മുസ്‌ലീം രീതിയിലുള്ള വസ്ത്രം ധരിച്ചാല്‍ അവര്‍ ആക്രമിക്കപ്പെടും. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാല്‍ ഭക്ഷണ പാത്രം അവര്‍ തകര്‍ക്കുന്നു. ബീഫ് കഴിച്ചവരാണ് എന്നാരോപിച്ച് കൊലപാതകങ്ങള്‍ നടത്തുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് തന്നെയാണ് ഇന്ത്യയിലെ ആര്‍എസ്എസെന്നും കോടിയേരി പറഞ്ഞു.
ഐ.എസ് അക്രമത്തില്‍ കൊല്ലപ്പെടുന്നത് കൂടുതലും മുസ്‌ലീങ്ങളാണെങ്കില്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ അത് ഹിന്ദുക്കളാണെന്നും ഹിറ്റ്‌ലറുടെ ആശയങ്ങളാണ് മോദി മുന്നോട്ടുവെക്കുന്നതെന്നും കോടിയേരി പറഞ്ഞു.