'ശിവസേനാ എം.എല്‍.എമാരെ വലയിട്ടു പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു'; മഹാരാഷ്ട്രയില്‍ കര്‍ണാടക ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ്
national news
'ശിവസേനാ എം.എല്‍.എമാരെ വലയിട്ടു പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു'; മഹാരാഷ്ട്രയില്‍ കര്‍ണാടക ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2019, 9:01 pm

മുംബൈ: ശിവസേനാ എം.എല്‍.എമാരെ വലയിട്ടു പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണം. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിനു കാരണം ബി.ജെ.പിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ശിവസേനയുടെ എം.എല്‍.എമാരുമായി ബി.ജെ.പി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ബാലസഹേബ് തോറത്ത് അവകാശപ്പെട്ടു.

സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി ബി.ജെ.പിയും സഖ്യകക്ഷിയായ ശിവസേനയും തമ്മിലുള്ള തര്‍ക്കം സംസ്ഥാനത്തെയും കര്‍ഷകരെയും ഒരുപോലെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ശിവസേനയെ കൂടാതെ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കരുതെന്ന് ആര്‍.എസ്.എസ് ബി.ജെ.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. അവിശുദ്ധ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും വേണ്ടിവന്നാല്‍ പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറെടുക്കാനും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് നിര്‍ദ്ദേശിച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘പ്രതിപക്ഷത്തിരുന്നു ജനങ്ങളെ സേവിക്കാന്‍ തയ്യാറാവണം. പക്ഷേ കുതിരക്കച്ചവടം പോലെ ബി.ജെ.പിക്കു ഭാവിയില്‍ ദോഷം വരുന്ന അവിശുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാകരുത്.’- സേനാ വൃത്തങ്ങള്‍ മുംബൈ മിററിനോടു പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാഗവതിനോട് വിഷയത്തില്‍ ഇടപെടാന്‍ സേനാ നേതാവ് കിഷോര്‍ തിവാരി ആവശ്യപ്പെട്ടിരുന്നു. അതേസമയം സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.