ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെ നടന്ന ബി.ജെ.പി ആക്രമണത്തില്‍ പ്രതികരണവുമായി ആം ആദ്മി.
കെജ്‌രിവാളിനെ കൊല്ലാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മനീഷ് സിസോദിയ ആരോപിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ വിവാദ ചിത്രമായ ‘ദ കശ്മീര്‍ ഫയല്‍സി’നെക്കുറിച്ച് പരിഹസിച്ച് സംസാരിച്ചെന്നാരോപിച്ചാണ് ബി.ജെ.പി ആക്രമണം നടത്തിയത്.
പ്രതിഷേധവുമായി വന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
ബി.ജെ.പി കൊടികളും പ്ലക്കാര്‍ഡുകളുമായി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനുമുന്നില്‍ എത്തിയ ബി.ജെ.പിക്കാര്‍ ബാരിക്കേഡുകള്‍ കടന്ന് ചാടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
200 ഓളം ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചുകൊണ്ടെത്തിയത്. ഉടന്‍ തന്നെ പ്രതിഷേധക്കാരെ മാറ്റിയെന്നും 70 പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു.
പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.
എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.
Content Highlights: BJP Trying To Kill Arvind Kejriwal, Says AAP After Violence At His Home