D' Election 2019
എല്ലാവരെക്കൊണ്ടും ജയ്ശ്രീരാം എന്ന് വിളിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി; മോദിക്ക് മറുപടിയുമായി മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 06, 03:12 pm
Monday, 6th May 2019, 8:42 pm

കൊല്‍ക്കത്ത: ജയ്ശ്രീരാം എന്ന് ഉച്ചരിക്കുന്നവരെ ബംഗാള്‍ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ മമതാ ബാനര്‍ജി രംഗത്ത്. അത് ബി.ജെ.പിയുടെ മുദ്രാവാക്യമാണെന്നും, എല്ലാവരെക്കൊണ്ടും ജയ്ശ്രീരാം എന്ന് വിളിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും മമത കുറ്റപ്പെടുത്തി.

‘തെരഞ്ഞെടുപ്പ് സമയമാവുമ്പോള്‍ രാമചന്ദ്ര ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഏജന്റ് ആവുമോ. ഞാനെന്തിനാണ് നിങ്ങളുടെ മുദ്രാവാക്യം വിളിക്കുന്നത്. ദുഷിച്ച മോദിയുടേയോ ദുഷിച്ച ബി.ജെ.പിയുടേയോ പേരില്‍ ഞാന്‍ മുദ്രാവാക്യം വിളിക്കില്ല’- മമത പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ദുര്‍ഗപൂജ ചെയ്യുമ്പോള്‍ ഞങ്ങള്‍ ജയ് മാ ദുര്‍ഗ എന്ന് പറയും, കാളി പൂജ ചെയ്യുമ്പോള്‍ ജയ് മാ കാളിയെന്നും പറയും. എന്നാല്‍ ബി.ജെ.പിയെ പോലെ എല്ലായ്പ്പോഴും ഒരു പ്രത്യേകതരം മുദ്രാവാക്യം മുഴക്കുന്ന ശീലം ഞങ്ങള്‍ക്കില്ല’- മമത പറയുന്നു.

കഴിഞ്ഞ ദിവസം മമതാ ബാനര്‍ജിയുടെ വാഹനം കടന്നുപോകുമ്പോള്‍ റോഡരികില്‍ നിന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ ചന്ദ്രകോനന ടൗണിലെ ബല്ലാവ്പൂര്‍ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം.

വാഹനത്തിലിരുന്ന് മുദ്രാവാക്യം വിളികേട്ട് മമത ഇതോടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ മമത വാഹനത്തില്‍ നിന്നും ഇറങ്ങി പ്രതിഷേധക്കാര്‍ക്കടുത്തേക്ക് നടന്നുനീങ്ങുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ മുഖ്യമന്ത്രിയുടെ ഈ നടപടി കണ്ട് ബി.ജെ.പിക്കാര്‍ അമ്പരന്ന് മുദ്രാവാക്യം വിളി നിര്‍ത്തുകയും ചെയ്തിരുന്നു. തിരിഞ്ഞോടാന്‍ ശ്രമിച്ചവരോട് ഇവിടെ വരൂ എന്ന് പറഞ്ഞ് മമത അവരെ തടയുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മമതയുടെ നടപടിയെ ഒരു കൂട്ടര്‍ കയ്യടിച്ച് സ്വീകരിക്കുമ്പോള്‍ പ്രതിരോധിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ജയ് ശ്രീരാം വിളി കേള്‍ക്കുമ്പോള്‍ മമത എന്തിനാണ് അസ്വസ്ഥയാകുന്നത് എന്ന് ചോദിച്ചാല്‍ ബി.ജെ.പി വീഡിയോ ഷെയര്‍ ചെയ്തത്.