ന്യൂദല്‍ഹി: 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വരാണസിയില്‍ മോദിക്കെതിരെ മത്സരിപ്പിക്കുക എന്നത് ബി.ജെ.പിയുടെ തീരുമാനമാണെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. ഭീം ആര്‍മി എന്ന ദളിത് സംഘടന ദളിത് വിരുദ്ധരായ ബി.ജെ.പിയുടെ ഗൂഢാലോചനയില്‍ നിന്നും രൂപം കൊണ്ടതാണെന്നും മായാവതി ആരോപിക്കുന്നു. മണ്ഡലത്തിലെ ദളിത് വോട്ടുകള്‍ ഭിന്നിപ്പിച്ച് മോദിയുടെ വിജയം ഉറപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് മായാവതിയുടെ വാദം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് താന്‍ വാരാണസിയില്‍ നിന്ന് മത്സരിക്കുന്ന കാര്യം ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചത്. മോദിയുടെ സ്വന്തം മണ്ഡലത്തില്‍ ചെന്ന് മോദിയെ നേരിടുമെന്നായിരുന്നു ആസാദിന്റെ വെല്ലുവിളി.
എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു. “കുടിലമായ ഉദ്ദേശ്യത്തോടെ ദളിത് വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വാരാണസിയില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സംഘടന ദളിത് വിരുദ്ധ മനോഭാവമുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമായി രൂപപ്പെട്ടതാണ്. അവരിപ്പോള്‍ നിന്ദ്യമായ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്”- മായാവതിയുടെ ട്വീറ്റില്‍ ആരോപിക്കുന്നു.
With the ill-intention of dividing Dalit votes & taking advantage, the BJP has conspired to field Bhim Army chief Chandrasekhar from Varanasi LS seat. This organisation was formed under BJP conspiracy & with its anti-Dalit mindset, it is now indulging in despicable politics.
— Mayawati (@Mayawati) March 31, 2019
ചന്ദ്രശേഖര്‍ ആസാദിനെ ബി.എസ്.പിയില്‍ ചാരനായി തിരുകിക്കയറ്റാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നെന്നും എന്നാല്‍ അതില്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായതെന്നും മായാവതി പറയുന്നു. ഏകാധിപത്യ, ദളിത് വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ മനോഭാവമുള്ള ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കേണ്ടതുണ്ടെന്നും, അതിന് ഒരു വോട്ടു പോലും പാഴാകാതെ നോക്കണമെന്നും മായാവതി മറ്റൊരു ട്വീറ്റില്‍ പറയുന്നു.
യു.പിയിലെ മഹാസഖ്യം വരാണസിയില്‍ മോദിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് മോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ചന്ദ്രശേഖര്‍ ആസാദ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞിരുന്നു. “സ്വതന്ത്രസ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക്, രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും ജയിച്ച് ലോക്‌സഭയിലേക്ക് പോകരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. ബെഹന്‍ജി (മായാവതി), അഖിലേഷ് ഭായ് അല്ലെങ്കില്‍ മുലായം സിങ്ങ് യാദവ് എന്നിവരില്‍ ആരെങ്കിലും മോദിക്കെതിരെ മത്സരിച്ചില്ലെങ്കില്‍ വാരാണസിയില്‍ ഞാന്‍ മത്സരിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. മോദിക്കെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നുണ്ടായിരുന്നു. എന്നാല്‍ അത് നടക്കുന്ന ലക്ഷണമില്ല. മോദിയെ എളുപ്പത്തില്‍ ജയിക്കാന്‍ ഞാന്‍ അനുവദിക്കില്ല”- എന്നായിരുന്നു ആസാദ് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദളിത് വിരുദ്ധനാണെന്നും, മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്നും ജന്തര്‍ മന്തറില്‍ നടന്ന ഹുങ്കാര്‍ റാലിക്കിടെ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു.
കുംഭ മേളക്കിടെ ശുചീകരണ തൊഴിലാളികളുടെ കാലു കഴുകി ജനങ്ങളുടെ സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിച്ചതിനും ആസാദ് മോദിയെ പരിഹസിച്ചിരുന്നു. ഞാന്‍ വരാണസിയില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാലുടന്‍ മോദി എന്റെ സഹോദരങ്ങളുടെ പാദം കഴുകുന്നത് നിങ്ങള്‍ക്ക് കാണാം എന്നായിരുന്നു ആസാദിന്റെ പ്രസ്താവന.