മൂര്‍ദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്‌ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.
ഇന്ത്യന്‍ ഭരണഘടനയുടെ സാമുദായിക ഐക്യവും അന്തസും ബി.ജെ.പി തകര്‍ക്കുന്നുവെന്ന് ഉവൈസി പറഞ്ഞു. ദിന്‍ഗാര്‍പൂരില്‍ നടന്ന പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരില്‍ വിദ്വേഷം പരത്തുന്ന ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് നരേന്ദ്ര മോദിയും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഭ്യന്തരമന്ത്രി അമിത് ഷായും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്‌ലിങ്ങള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തു കൊണ്ട് ഹരിദ്വാറില്‍ നടന്ന ധരംസനാദിനേയും അദ്ദേഹം പരാമര്‍ശിച്ചു.
മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഡിസംബര്‍ 17 മുതല്‍ 20വരെ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.
മുസ്‌ലിം യുവതികളെ വില്‍പനക്ക് വെച്ച ബുള്ളി ആപ്പിനെതിരെയും ഉവൈസി രൂക്ഷമായി വിമര്‍ശിച്ചു.
ഹിന്ദു ആക്ടിവിസ്റ്റുകള്‍ക്കെതിരെ ചോദ്യങ്ങളുയര്‍ത്താത്ത പ്രതിപക്ഷ പാര്‍ട്ടികളേയും ഉവൈസി കുറ്റപ്പെടുത്തി. സ്ത്രീകളെ സ്തുതിക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തുന്ന ബി.ജെ.പി എന്നാല്‍ അവരെ ബഹുമാനിക്കുന്നില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ബി.ജെ.പിക്കെതിരായ പരാമര്‍ശങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ പോലും ബി.ജെ.പിയെ വിമര്‍ശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോദിയെ കാണാന്‍ പോയ സത്യപാല്‍ മാലിക് അദ്ദേഹം അഹങ്കാരിയാണെന്ന് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: bjp-trying-to-destroy-communal-harmony-asaduddin-owaisi