| Wednesday, 1st December 2021, 1:29 pm

തെരഞ്ഞെടുപ്പിന്റെ തലേന്നാള്‍ ബി.ജെ.പി തിന്മയാണെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസിനെ കെട്ടിപ്പിടിച്ചു! ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയെ പരിഹസിച്ച് മഹുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോവയില്‍ കോണ്‍ഗ്രസും ബി.ജെ.പിയുടെ മുന്‍ പ്രധാന സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും സഖ്യത്തിലേര്‍പ്പെടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

2017ല്‍ ബി.ജെ.പി ജി.എഫ്.പിയുമായി അവിശുദ്ധ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയുണ്ടാക്കിയെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ പരാമര്‍ശം മുന്‍നിര്‍ത്തിയായിരുന്നു മഹുവയുടെ പരിഹാസം.

” 2017ല്‍ ഗോവയില്‍ കോണ്‍ഗ്രസ് 17 സീറ്റുകള്‍ നേടി, ബി.ജെ.പി നേടിയത് 13 എണ്ണം മാത്രം. എന്നിട്ടും എ.ഐ.സി.സിയുടെ ദിഗ്‌വിജയ് സിംഗ് ‘നിരീക്ഷിച്ചപ്പോള്‍’, ബി.ജെ.പി ജി.എഫ്.പിയുമായി അവിശുദ്ധ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയുണ്ടാക്കി എന്നായി.

വോട്ടെടുപ്പിന് തലേന്ന് ജി.എഫ്.പി പെട്ടെന്ന് ബി.ജെ.പി തിന്മയാണെന്ന് തിരിച്ചറിഞ്ഞ് ഐ.എന്‍.സിയെ കെട്ടിപ്പിടിച്ചു!,” മഹുവ പറഞ്ഞു.

ജി.എഫ്.പി കോണ്‍ഗ്രസുമായി സഖ്യം ചേരുന്ന വിവരം പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായിയാണ് അറിയിച്ചത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഗോവയില്‍ എന്‍.ഡി.എയിലെ പ്രധാന കക്ഷി ആയിരുന്ന ജി.എഫ്.പിയെ കൂടെ കൂട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം മറ്റു പാര്‍ട്ടികളും രംഗത്തുണ്ടായിരുന്നു.

40 അംഗ നിയമസഭയില്‍ നിലയില്‍ ജി.എഫ്.പിക്ക് മൂന്ന് എം.എല്‍.എമാരാണ് ഉള്ളത്. ഈ വര്‍ഷം ഏപ്രിലിലാണ് എന്‍.ഡി.എയില്‍ നിന്ന് ജി.എഫ്.പി പിന്മാറിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: BJP, Trinamool, Congress Fight in Goa

We use cookies to give you the best possible experience. Learn more