| Monday, 19th December 2022, 1:40 pm

സവര്‍ക്കറിന്റെ ചിത്രം നിയമസഭക്കുള്ളില്‍ സ്ഥാപിക്കാന്‍ കര്‍ണാടക; പ്രതിഷേധമിരമ്പുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സംഘപരിവാര്‍ സൈദ്ധാന്തികനായ വി.ഡി. സവര്‍ക്കറുടെ ചിത്രം നിയമസഭക്കുള്ളില്‍ സ്ഥാപിക്കാനുള്ള കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു. നിയമസഭയില്‍ ശീതകാലസമ്മേളനം ആരംഭിച്ചതിനിടെയാണ് കര്‍ണാടക സര്‍ക്കാറിന്റെ നീക്കം.

സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നിയമസഭക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടന്നു. ഗാന്ധിയും നെഹ്‌റുവുമടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെയും ശ്രീനാരായണ ഗുരുവിനെ പോലുള്ളു നവോത്ഥാന നായകരുടെയും ചിത്രങ്ങളുമായാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അണിനിരന്നത്.

നിരവധി വിവാദങ്ങളുടെ ഭാഗമായ ഒരാളെ എന്തിനാണ് കര്‍ണാടക നിയമസഭക്കുള്ളിലേക്ക് കൊണ്ടുവരുന്നതെന്നാണ് സിദ്ധരാമയ്യ ചോദിച്ചത്.

അതേസമയം, സവര്‍ക്കറെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വേണ്ടി സംസ്ഥാന വ്യാപകമായി വിവിധ പരിപാടികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്രസമരസേനാനിയാണെന്നാണ് സംഘപരിവാറിന്റെ വാദം. പുതിയ ചിത്രവും ഈ ക്യാമ്പയ്‌നിന്റെ ഭാഗമാണ്. 2023ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും നീക്കമെന്നാണ് വിലയിരുത്തലുകള്‍.

എന്നാല്‍ നിലവില്‍ ചിത്രം സഭയില്‍ പ്രദര്‍ശിപ്പിക്കാനായി ബി.ജെ.പി ഉന്നയിക്കുന്ന കാരണങ്ങള്‍ക്ക് പോലും സ്വാതന്ത്രസമരവുമായി ബന്ധമില്ലെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്. കര്‍ണാടകയുടെ ശീതകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലുള്ള ജയിലില്‍ സവര്‍ക്കര്‍ തടവില്‍ കിടന്നിട്ടുണ്ടെന്നാണ് ബി.ജെ.പി സവര്‍ക്കറിന്റെ ചിത്രം വെക്കുന്നതിന് കാരണായി ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍, 1950ലായിരുന്നു ഇത്. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ ഇന്ത്യാ സന്ദര്‍ശനം തടയുന്നതിനുള്ള പ്രതിഷേധ സമരം നടത്തിയതിനെ തുടര്‍ന്നായിരുന്നു സവര്‍ക്കര്‍ ജയിലിലായത്. എന്നാല്‍ നാല് മാസത്തിന് കഴിഞ്ഞപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കില്ലെന്ന് എഴുതി നല്‍കിയതിന് ശേഷം സവര്‍ക്കര്‍ പുറത്തിറങ്ങിയിരുന്നു.

നേരത്തെ സ്വാതന്ത്ര്യസമര സമയത്തും ബ്രിട്ടീഷുകാര്‍ക്ക് നിരവധി തവണ മാപ്പെഴുതി നല്‍കിയ ശേഷമാണ് സവര്‍ക്കര്‍ ജയില്‍ മോചിതനായിരുന്നത്. ഒരിക്കലും ഇനി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കില്ലെന്നും തന്റെ വാക്ക് കേട്ട് ‘വഴി തെറ്റി’ സ്വാതന്ത്ര സമരത്തിലെത്തിയവരെ തിരിച്ചുകൊണ്ടുവരുമെന്നുമെല്ലാം ഈ മാപ്പ് അപേക്ഷകളിലുണ്ടായിരുന്നു.

അതേസമയം സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് പുതിയ ചിത്രമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നുണ്ട്.

‘ഞങ്ങളെ പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാക്കും വിധം ഓരോന്ന് മനപ്പൂര്‍വ്വം ചെയ്യുകയാണ്. നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കാതിരിക്കാനുള്ള അടവ് നയമാണത്. കാരണം സര്‍ക്കാരിലെ അഴിമതിയടക്കമുള്ള ഗൗരവകരമായ പല വിഷയങ്ങളും നമ്മള്‍ മുന്നോട്ടുവെക്കുമെന്ന് അവര്‍ക്കറിയാം,’ കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കമടക്കമുള്ള വിഷയങ്ങളാകും പത്ത് ദിവസം നീളുന്ന നിയമസഭ സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാവുക എന്നാണ് കരുതപ്പെടുന്നത്.

Content Highlight: BJP tries to Savarkar’s photo in Karnataka Assembly, Opposition strongly protest

We use cookies to give you the best possible experience. Learn more