ന്യൂദല്‍ഹി: ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും നിരന്തരമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ബി.ജെ.പി ഗൈഡ്ബുക്ക്. പാര്‍ട്ടി അണികള്‍ക്കും ഭാരവാഹികള്‍ക്കും പരിശീലനം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ പുസ്തകത്തിലാണ് മാവോയിസ്റ്റുകളെയും നക്‌സലുകളെയും കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.
മാവോയിസ്റ്റുകള്‍ക്ക് വലിയ തോതിലുള്ള വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും, അതിനാല്‍ അവര്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും പുസ്തകത്തില്‍ പറയുന്നു. “നക്‌സലുകള്‍ അഥവാ മാവോയിസ്റ്റുകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകളുമായിച്ചേര്‍ന്ന് സംഘര്‍ഷങ്ങളുണ്ടാക്കുകയാ”ണെന്നും പുസ്തകത്തിലുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് രാജ്യം നേരിടുന്ന മറ്റൊരു ഗൗരവമായ ആഭ്യന്തരപ്രശ്‌നം. രാജ്യത്തെ ജനസംഖ്യാവിഭജനത്തില്‍ മാറ്റമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ “ജിഹാദി”കളും ചില ക്രിസ്ത്യന്‍ സംഘങ്ങളുമാണ് നടത്തുന്നതെന്നും മാനുവലില്‍ സൂചിപ്പിക്കുന്നുണ്ട്.
“ചില സംസ്ഥാനങ്ങളില്‍ പരിവര്‍ത്തനത്തിന്റെ തോത് വളരെ കൂടുതലാണ്. അവരുടെ ജനസംഖ്യയില്‍ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. അവിടങ്ങളിലെ ജനങ്ങളെല്ലാം ഈ മാറ്റത്തില്‍ അസ്വസ്ഥരാണ്”, പുസ്തകത്തില്‍ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥയ്ക്കു കാരണം കോണ്‍ഗ്രസിന്റെ ഭരണമാണെന്നും ബി.ജെ.പി ആരോപിക്കുന്നുണ്ട്.