| Tuesday, 11th December 2018, 9:10 pm

വര്‍ഗീയ പ്രസംഗങ്ങള്‍ തിരിച്ചടിയായി; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പിയെ കൈവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ ബി.ജെ.പി തരിച്ചു നില്‍ക്കുമ്പോള്‍ പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ മണ്ഡലങ്ങളില്‍ ഏറിയ പങ്കും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍. ആതിഥ്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് കാലിടറി എന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. അതില്‍ 63 ല്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്‍തൂക്കമുള്ളത്. ഛത്തീസ്ഗഢില്‍ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറാനായത്. 2013 ല്‍ 16 സീറ്റുകളാണ് ബി.ജെ.പി ഇവിടെ നേടിയത്.

Read Also : മധ്യപ്രദേശിലെ ലീഡ് നിലയില്‍ വീണ്ടും അനിശ്ചിതത്വം; വോട്ടെണ്ണല്‍ രാത്രി 10 മണിവരെ നീളാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യപ്രദേശില്‍ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളില്‍ അഞ്ച് എണ്ണത്തിലും രാജസ്ഥാനില്‍ യോഗിയെത്തിയ 26 മണ്ഡലങ്ങളില്‍ 13 ഇടത്തു മാത്രമാണ് ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജാതി രാഷ്ട്രീയവും വര്‍ഗീയ പരാമര്‍ശങ്ങളും ബി.ജെ.പിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും ബി.ജെ.പി മുതിര്‍ന്ന അംഗങ്ങള്‍ പ്രതിഷേധ സൂചകമായി പാര്‍ട്ടി വിടുന്ന സംഭവങ്ങളുമുണ്ടായിരുന്നു. ദളിത് വോട്ടുകള്‍ പ്രീണിപ്പിക്കാന്‍ നടത്തിയ പരമാര്‍ശങ്ങളും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.

അടുത്ത കാലത്തായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം മോദിക്ക് പകരമായി പ്രചരണ ചുമതല യോഗി ആദിത്യനാഥായിരുന്നു പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നത്. പതിവില്‍ വിപരീതമായി മോദിയേക്കാള്‍ ഇരിട്ടയിലധികം റാലികളിലാണ് യോഗി സാന്നിധ്യം അറിയിച്ചത്. ബി.ജെ.പിയുടെ തന്നെ കണക്കുകള്‍ പ്രകാരം ഏകദേശം 75 ഓളം തിരഞ്ഞെടുപ്പ് റാലികളിലാണ് യോഗി പങ്കെടുത്തത്. മോദി പങ്കെടുത്തത് 31 റാലികളിലും.

ബി.ജെ.പിയുടെ മറ്റു മുഖ്യമന്ത്രിമാര്‍ സ്വന്തം സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുമ്പോഴാണു യോഗി രാജ്യവ്യാപക പ്രചാരണത്തിനിറങ്ങിയത്. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വന്‍ മുന്നേറ്റത്തിനു കളമൊരുക്കിയതില്‍ യോഗിയുടെ റാലികള്‍ വലിയ പങ്കുവഹിച്ചുവെന്ന് ബി.ജെ.പി നേതൃത്വം അന്ന് പറഞ്ഞിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് മുഖ്യപ്രചാരകന്റെ നിരയിലേക്ക് യോഗിയുടെ പേരും ഉയര്‍ന്ന് വന്നത്. എന്നാല്‍ പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങളോടെ യോഗിക്കും കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more