ഇനി വികസനമില്ല, ഹിന്ദുത്വം മാത്രം; തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാൻ പ്രധാനമന്ത്രി മോദി ഹിന്ദുത്വം ഉപയോഗിക്കുമെന്ന് സുബ്രമണ്യം സ്വാമിയുടെ വെളിപ്പെടുത്തൽ
ന്യൂദൽഹി: 2019 ലോക് സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി. അപകടകരമായ നീക്കത്തിനൊരുങ്ങുന്നുവെന്ന് സൂചന നൽകി ബി.ജെ.പി. എം.പി. സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്. തെരഞ്ഞെടുപ്പിൽ വികസനം പ്രചാരണവിഷയമാക്കുന്നത് അവസാനിപ്പിച്ച് ഹിന്ദുത്വ അജണ്ട ഉപയോഗിച്ച് വർഗ്ഗീയ ധ്രുവീകരണം നടത്താനും അഴിമതിയെ പ്രചാരണവിഷമാക്കാനാണ് ബി.ജെ.പി. ആലോചിക്കുന്നതെന്ന് സുബ്രമണ്യം സ്വാമി വ്യക്തമാക്കുന്നു.
മോദി വികസനവിഷയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചുവെന്നും അതിനാൽ ഇനി ബി.ജെ.പിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറയുന്നു.
‘ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഹിന്ദുത്വയും അഴിമതി ആരോപണങ്ങളും ഉപയോഗിച്ചായിരിക്കണമെന്ന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപെട്ടിട്ടുണ്ട്. അദ്ദേഹത്തെ ഞാൻ അതിന് നിർബന്ധിച്ചിട്ടുണ്ട്. വികസനം ഇനി മുതൽ പ്രചാരണ വിഷയമാകില്ല. ഇപ്പോൾ അദ്ദേഹം ആ ഉപദേശം സ്വീകരിച്ചതായി ഞാൻ മനസ്സിലാക്കുന്നു. ഇനി വിജയം ഉറപ്പാണ്.’ സുബ്രമണ്യം സ്വാമി ട്വിറ്ററിൽ കുറിച്ചു.
2008ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതി പ്രാഗ്യ സിങ് താക്കൂറിനെ ഭോപ്പാലിൽ മത്സരിപ്പിക്കാനുള്ള ബി.ജെ.പി. തീരുമാനം വന്നതിനു പിന്നാലെയാണ് സുബ്രമണ്യം സ്വാമിയുടെ ട്വീറ്റും വരുന്നത്. 2017ലാണ് സ്ഫോടന കേസിൽ പ്രാഗ്യക്ക് ജാമ്യം ലഭിക്കുന്നത്. ഇന്ന് രാവിലെയോടെയാണ് പ്രഗ്യാ സിങ് ബി.ജെ.പിയില്‍ ചേരുന്നത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വികസനമായിരുന്നു ബി.ജെ.പിയുടെ പ്രധാന പ്രാചാരണ വിഷയം. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേഹശസ്നേഹം ഉണർത്താൻ ശ്രമിച്ചും വർഗീയ പരാമർശങ്ങൾ നടത്തിയുമാണ് ബി.ജെ.പി. പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്.