ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ടി.ആര്‍.എസില്‍ ചേര്‍ന്നു. രപോലു ആനന്ദ ഭാസ്‌കര്‍ എന്ന ബി.ജെ.പി നേതാവാണ് ടി.ആര്‍.എസിലേക്ക് കൂടുമാറിയത്. ടി.ആര്‍.എസ് നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ താത്പര്യം അറിയിക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രപോലു ആനന്ദ ഭാസ്‌കര്‍ കോണ്‍ഗ്രസില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് പോയത്. 2012 മുതല്‍ 2018വരെ രാജ്യസഭാംഗമായിരുന്നു ഭാസ്‌കര്‍.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് ടി.ആര്‍.എസില്‍ ചേര്‍ന്നിരുന്നു. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. സ്വാമിഗൗഡും മുന്‍ എം.എല്‍.എ ദസോജു ശ്രാവണുമാണ് ബി.ജെ.പി വിട്ട് ടി.ആര്‍.എസില്‍ ചേര്‍ന്നത്. രണ്ട് നേതാക്കളും ടി.ആര്‍.എസ് വിട്ട് ബി.ജെ.പിയിലെത്തിയവരായിരുന്നു എന്നതും ബി.ജെ.പിയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.
2012 മുതല്‍ ടി.ആര്‍.എസിനോടൊപ്പമായിരുന്ന സ്വാമി ഗൗഡ് 2020 നവംബറിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2014 മുതല്‍ 2019 വരെയാണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നത്.
ദസോജു ശ്രാവണ്‍ 2014ലാണ് ടി.ആര്‍.എസ് വിട്ടത്. അതിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന് ദേശീയ വക്താവായി. പിന്നീടാണ് ബി.ജെ.പിയിലേക്ക് എത്തുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്ന് രണ്ട് മാസം തികയുന്നതിനിടെയാണ് വീണ്ടും നേതാവ് ടി.ആര്‍.എസില്‍ തിരിച്ചെത്തിയിരിക്കുന്നത്.
ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു സ്വാമി ഗൗഡ് ബി.ജെ.പി വിട്ടത്. താന്‍ ഒരുപാട് പ്രതീക്ഷയോടെയാണ് പാര്‍ട്ടിയിലേക്ക് എത്തിയതെന്ന് പറഞ്ഞ ഗൗഡ്, ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ ചെലവില്‍ ധനികരും കോണ്‍ട്രാക്ടര്‍മാരും തടിച്ചുകൊഴുക്കുകയാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു.
Content Highlight: BJP to TRS; BJP suffered a setback in Telangana