| Monday, 8th April 2019, 9:09 am

ബി.ജെ.പി. പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും; അയോധ്യയിൽ രാമക്ഷേത്ര നിർമ്മിക്കുമെന്നും വാഗ്ദാനമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക് സഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയാകും പുറത്തിറങ്ങുക. അയോധ്യയില്‍ രാമക്ഷേത്ര നിർമ്മാണം നടത്തുന്നതിനുള്ള വാഗ്‍ദാനം, ഗംഗ ശുചീകരണത്തിനുള്ള പദ്ധതികൾ, തൊഴില്‍ അവസരങ്ങള്‍, കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ എന്നിവ പ്രകടന പത്രികയിൽ ഉണ്ടെന്ന് സൂചനയുണ്ട്. ‘സങ്കൽപ്പ് പത്ര’ എന്നാണു പ്രകടന പത്രികയ്ക്ക് ബി.ജെ.പി. പേര് നൽകിയിരിക്കുന്നത്.

അഴിമതി വിമുക്ത സർക്കാരിനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റിലി ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള നേതാവിനെയാണ് ആവശ്യം എന്നും ജെയ്‌റ്റിലി പറഞ്ഞിരുന്നു. ബി.ജെ.പി. പ്രചരണത്തിന്‍റെ പ്രധാന പ്രമേയം ‘ഒരിക്കല്‍ക്കൂടി മോദി’ എന്നതായിരിക്കും എന്നും ജെയ്റ്റ്‍ലി വ്യക്തമാക്കി.

പ്രമേയമായി മറ്റൊരു വിഷയം കൂടി ഉണ്ടെന്നും ബി.ജെ.പി. പറയുന്നുണ്ട്. ‘ജോലി ചെയ്യുന്ന സര്‍ക്കാര്‍’ എന്നതായിരിക്കും ഇതെന്നും ജെയ്‍റ്റ്‍ലി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്‍ദാനം മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ‘ന്യായ്’ പദ്ധതിയാണ്.

ഇത് അപ്രായോഗികമാണെന്ന് ബി.ജെ.പി. നേതൃത്വം വിമര്‍ശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് പദ്ധതി തയാറാക്കിയതെന്നും അധികാരത്തില്‍ എത്തിയാല്‍ ഇത് നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more